കണ്ണൂര്‍ വിമാനത്താവളം വിമാനക്കമ്പനികളുമായി അടുത്തയാഴ്ച ചര്‍ച്ച

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 2017 മാര്‍ച്ചിനകം സര്‍വിസ് ആരംഭിക്കാനുള്ള ലക്ഷ്യത്തോടെ വിമാനക്കമ്പനികളുമായി അടുത്തയാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. ലോകത്തിലെ ഏറ്റവും മികച്ച 10 എയര്‍ ലൈന്‍സുകളില്‍ മുന്‍നിരയിലുള്ള എമിറേറ്റ്സ് നേരത്തേതന്നെ കണ്ണൂരില്‍നിന്നുള്ള സര്‍വിസിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഖത്തര്‍ എയര്‍വേസ് ഉള്‍പ്പെടെ വിദേശ-ആഭ്യന്തര സര്‍വിസുകള്‍ നടത്തുന്ന മിക്ക കമ്പനികളുമായും ചര്‍ച്ച നടത്താനാണ് ആലോചന.

കാര്‍ഗോ സര്‍വിസുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വിമാനഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വരും. ജനുവരി അവസാനത്തോടെ നിര്‍മാണം പൂര്‍ണതയിലത്തെിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ പുതിയ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള (കിയാല്‍) മാനേജിങ് കമ്മിറ്റിയുടെ തീരുമാനം.

നിര്‍മാണപുരോഗതിയുടെ പുതുക്കിയ റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന വിമാനക്കമ്പനികളുടെ കൂടിക്കാഴ്ചക്കായി തയാറാക്കുന്നുണ്ട്. 3050 മീറ്റര്‍ റണ്‍വേനിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 20 എയര്‍ക്രാഫ്റ്റുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എപ്രോണ്‍ സ്റ്റാന്‍ഡും സജ്ജമായി.
മണിക്കൂറില്‍ 18 എയര്‍ക്രാഫ്റ്റുകള്‍ക്ക് സര്‍വിസിന് സജ്ജീകരണമുണ്ടാകും. 80,000 സ്ക്വയര്‍ മീറ്റര്‍ ടെര്‍മിനല്‍ ബില്‍ഡിങ് നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി.  

വിമാന ഷെഡ്യൂള്‍ എപ്പോള്‍മുതല്‍ നിശ്ചയിക്കാനാവുമെന്നും മുന്‍കൂട്ടി റിസര്‍വേഷന്‍ സൈറ്റുകള്‍ എന്നുമുതല്‍ തുടങ്ങാനാവുമെന്നുമുള്ള കൃത്യമായ വിവരം നല്‍കണമെന്നാണ് ചില വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന്‍െറ അവസാന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കണം. ട്രാഫിക് സജ്ജീകരണത്തിന്‍െറ മറ്റ് ക്രമീകരണങ്ങളേര്‍പ്പെടുത്തുകയും സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.

പിണറായി വിജയന്‍ അധ്യക്ഷനായ പുതിയ വിമാനത്താവള മാനേജ്മെന്‍റ് കമ്മിറ്റിയില്‍ ജില്ലയിലെ മൂന്നു മന്ത്രിമാരെയും കാസര്‍കോട് ജില്ലയില്‍നിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരനെയും കോഴിക്കോട് ജില്ലയില്‍നിന്നുള്ള മന്ത്രി എ.കെ. ശശീന്ദ്രനെയും പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ഭരണസമിതിയുടെ ഒൗദ്യോഗിക ഘടനയനുസരിച്ച് അംഗമാണെങ്കിലും ധനമന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഒരേസമയം ധനമന്ത്രിയെയും ഫിനാന്‍സ് സെക്രട്ടറിയെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ മാറ്റിനിയോഗിച്ച പുതിയ 17 അംഗ ബോര്‍ഡില്‍ മുഖ്യമന്ത്രിക്കും അഞ്ചു മന്ത്രിമാര്‍ക്കും പുറമേ ചീഫ് സെക്രട്ടറി എസ്.എം. വിജയനാനന്ദ്, ഏവിയേഷന്‍ സെക്രട്ടറി വി.ജെ. കുര്യന്‍, ഫിനാന്‍സ് സെക്രട്ടറി ബി. ശ്രീനിവാസ്, ഭാരത് പെട്രോളിയം പ്രതിനിധി എം.എം. സോമയ്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധി ആര്‍. ഭണ്ഡാരി, വ്യവസായപ്രമുഖന്‍ എം.എ. യൂസുഫലി, സ്വതന്ത്ര പ്രതിനിധികളായി കെ. പത്മാവതി അമ്മാള്‍, എം. മാധവന്‍ നമ്പ്യാര്‍, ഭാരത് പെട്രോളിയം കൊച്ചിന്‍ റിഫൈനറി ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ഡോ. വി.പി. ഷംസീര്‍ എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍.

വി. തുളസീദാസിനെ ഈ സര്‍ക്കാര്‍ ചുമതലയേറ്റ ഉടനെ മാനേജിങ് ഡയറക്ടറായി നിയമിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.