പാലക്കാട്: നീലപ്പെട്ടി വിവാദം തിരിച്ചടിയായി സി.പി.എമ്മും ബി.ജെ.പിയും. രാഹുലിന്റെ ലീഡ് വർധിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ നീല ട്രോളി തലയിലേന്തി പ്രവർത്തകർ ആഹ്ലാദനൃത്തമാടി. പ്രചാരണം മുന്നേറുന്നതിനിടെയാണ് നവംബർ അഞ്ചിന് പാതിരാത്രിയോടെ നഗരത്തിലെ ഹോട്ടലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നേതാക്കളും മാധ്യമപ്രവർത്തകരുമെല്ലാം താമസിച്ചിരുന്ന ഹോട്ടലിലാണ് അർധരാത്രിയോടെ പൊലീസ്, കോൺഗ്രസിന്റെ വനിതാ നേതാക്കളടക്കം താമസിച്ചിരുന്ന മുറികളിൽ പരിശോധന നടത്തിയത്. വനിതാ പൊലീസില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ ഉറച്ചുനിന്നതോടെ പിന്നീട് ഒരു വനിത ഉദ്യോഗസ്ഥയെത്തി. പക്ഷേ, സംശയകരമായി ഒന്നും കണ്ടെത്താൻ പൊലീസിനായില്ല. ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സി.പി.എം, ബി.ജെ.പി സ്ഥാനാർഥികളും പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയും കൈയാങ്കളിയുമായി. രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളിയിൽ പണം കടത്തിയെന്നും സ്ഥാനാർഥി പിൻവാതിൽ വഴി മുങ്ങിയെന്നുമായിരുന്നു സി.പി.എം ആരോപണം.
എന്നാൽ, താൻ കോഴിക്കോട്ടേക്കുള്ള യാത്രയിലാണെന്ന് പറഞ്ഞ രാഹുൽ അത് സ്ഥിരീകരിക്കാൻ കോഴിക്കോട്നിന്ന് വിഡിയോ കാളിൽ പ്രത്യക്ഷപ്പെട്ടു. സാധാരണ പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് എ.എസ്.പി പറഞ്ഞപ്പോൾ കള്ളപ്പണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് കലക്ടർ അറിയിച്ചു. നീല ട്രോളി ബാഗുമായി കെ.എസ്.യു നേതാവ് ഫെനി നൈനാൻ ഹോട്ടലിൽ നിൽക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പിറ്റേന്ന് സി.പി.എം പുറത്തുവിട്ടു.
എന്നാൽ, ഇതിനെല്ലാം രാഹുൽ മറുപടി നൽകിയത് നീല ട്രോളിയുമായി വാർത്തസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം എസ്.പിക്കും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനും കോൺഗ്രസ് വനിത നേതാക്കൾ വനിതാ കമീഷനും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.