ഹൈകോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ

കൊച്ചി: കേരള ഹൈകോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷത്തിന് ശിപാര്‍ശ. അക്രമങ്ങളെക്കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശിപാര്‍ശ ചെയ്തത്.

പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായാണ് നടപടിയെന്നും ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. തെറ്റ് പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എ.ജി വ്യക്തമാക്കി. ഹൈകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകർ ഇന്ന് ഹൈക്കോടതി നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരവുമായി സഹകരിക്കില്ലെന്ന് എറണാകുളം ബാർ അസോസിയേഷൻ അറിയിച്ചു. ഹൈക്കോടതിക്കുള്ളിലും പുറത്തും മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ്, സിറ്റി പൊലീസ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ കയറിപ്പിടിച്ച ഗവണ്‍മെന്‍റ് പ്ളീഡര്‍ക്ക് എതിരെ കേസെടുത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് ഒരുസംഘം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഹൈകോടതിയിലെ മീഡിയാ റൂം താഴിട്ട് പൂട്ടുകയും ചെയ്തത്. മീഡിയാ റൂമിലുണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും കൂക്കിവിളിച്ചും അപമാനിച്ച് പുറത്താക്കിയാണ് താഴിട്ട് പൂട്ടിയത്.

പിന്നീട്, ഹൈകോടതി മന്ദിരത്തിന് പുറത്തത്തെിയ അഭിഭാഷക സംഘം ആദ്യം ‘മീഡിയാവണ്‍’ ചാനലിന്‍െറ  ക്യാമറാമാന്‍ മോനിഷ് മോഹനെ മര്‍ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഡി.എസ്.എന്‍.ജി എഞ്ചിനീയര്‍ ബാസില്‍ ഹുസൈനും മര്‍ദനമേറ്റു. ഈ അക്രമം കാമറയില്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈ¤്രദാസ്, കാമറാമാന്‍ രാജേഷ് തകഴി എന്നിവരെയും ഓടിച്ചിട്ട് മര്‍ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തി മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ക്ക് നടുവില്‍ നിന്ന് ഒരു കടയില്‍ കയറ്റി രക്ഷിക്കുകയായിരുന്നു. ഈ സമയം, ഹൈകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലത്തെിയിരുന്ന മറ്റൊരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ ഹൈകോടതി രജിസ്ട്രാറുടെ മുറിയില്‍ അഭയംതേടുകയും ചെയ്തു.

വിവരമറിഞ്ഞ് നഗരത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഹൈകോടതിക്ക് മുമ്പിലത്തെി കുത്തിയിരുപ്പ് ആരംഭിച്ചു. ഇതോടെ ഹൈകോടതി മന്ദിരത്തില്‍ നിന്ന് അഭിഭാഷകര്‍ കൂക്കിവിളിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ നോക്കി. ഇത് ഫലിക്കുന്നില്ളെന്ന് കണ്ടതോടെ, കുത്തിയിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ യാചകരായി പരിഹസിച്ച് അവര്‍ക്ക് മുമ്പിലേക്ക് ചില്ലറത്തുട്ടുകള്‍ എറിയാന്‍ തുടങ്ങി.പ്രകോപനമൊഴിവാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതോടെ കേട്ടാലറക്കുന്ന അസഭ്യവാക്കുകള്‍ വിളിച്ചുപറയുകയും ചെയ്തു. ഇത് പകര്‍ത്തുകയായിരുന്ന ദൃശ്യമാധ്യമ ക്യാമറകളെ നോക്കിയും യാതൊരു മടിയുമില്ലാതെ ചില അഭിഭാഷകര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിനിടെ, ഒരു അഭിഭാഷകന്‍, കുത്തിയിരുപ്പ് നടത്തിയ മാധ്യമ പ്രവര്‍ത്തകരുടെയിടയിലേക്ക് ഇരുചക്രവാഹനം ഓടിച്ച് കയറ്റുകയും ചെയ്തു. ഇതോടെ സ്ഥിതി സംഘര്‍ഷത്തിലായി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന് പലവട്ടം ലാത്തിവീശേണ്ടിയും വന്നു. ഇതിനിടെ, ഹൈകോടതി മന്ദിരത്തിനകത്ത് കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനെ സമീച്ചു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.