കോഴിക്കോട്: അനാഥാലയങ്ങളുടെ നടത്തിപ്പ് അസാധ്യമാക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ ഒന്നിക്കണമെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കെ.പി. കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ‘പ്രതിസന്ധി നേരിടുന്ന അനാഥാലയങ്ങള്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പാവപ്പെട്ട കുട്ടികളെ വീണ്ടും തെരുവിലേക്കിറക്കുന്നത് സങ്കടകരമാണ്. സമൂഹ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും അനാഥശാലകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവ പ്രതിസന്ധി നേരിടുകയാണ്. സ്ഥാപനങ്ങള്‍ക്കുള്ള പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. അനാഥശാലകളില്‍ കേരളത്തിലെ കുട്ടികള്‍ കുറയുന്നതിന് കാരണം അത്തരം കുട്ടികളുടെ ഉത്തരവാദിത്തം കുടുംബങ്ങള്‍ ഏറ്റെടുക്കുന്നതിനാലാണ്. ഇത് നല്ളൊരു കാര്യമാണ്. എന്നാല്‍, ഇതര സംസഥാനങ്ങളില്‍ സ്ഥിതി മറിച്ചാണ്. അതുകൊണ്ട് വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനത്തെ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് മുന്‍വിധിയുടെ പുറത്താണ്. മാറിയ സര്‍ക്കാറിനെ ഇത് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ അഡ്വ. കെ.എം. ഫിറോസ് വിഷയാവതരണം നടത്തി. ബാലനീതി നിയമം ബാല അനീതിയാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പി.എം.എ. സലാം, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, ടി.കെ. പരീക്കുട്ടി ഹാജി, എന്‍ജിനീയര്‍ മമ്മദ്കോയ, ജമാല്‍ മുഹമ്മദ് വയനാട്, ഡോ. പി.സി. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു. ടി.പി. യൂനുസ് സ്വാഗതവും കെ.പി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.