കാലിക്കറ്റ് സിന്‍ഡിക്കേറ്റിലെ ആറ് യു.ഡി.എഫ് നോമിനികളെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആറ് അംഗങ്ങളെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. പുതിയ ആറുപേരെ നാമനിര്‍ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. പിരിച്ചുവിട്ടവരില്‍ പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും ഉള്‍പ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളവര്‍ എന്ന നിലയിലാണ് ആറുപേരെ കഴിഞ്ഞ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. മുന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പ്രഫ.സി.പി. ചിത്ര, ഡോ.പി. വിജയരാഘവന്‍ (അസോ. പ്രഫസര്‍, മുക്കം എം.എ.എം.ഒ കോളജ്), ഡോ.ഡി. അബ്ദുല്‍ മജീദ് (അസോ. പ്രഫസര്‍, മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജ്), ഡോ.പി. ശിവദാസന്‍ (അസോ. പ്രഫസര്‍, കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം), ഡോ.സി.സി. ബാബു (പി.എം. കോളജ് ചാലക്കുടി), കെ.കെ. ഹനീഫ പേരാമ്പ്ര എന്നിവരാണ് പുതിയ അംഗങ്ങള്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് പുറമെ ഡോ.വി.പി. അബ്ദുല്‍ ഹമീദ്, അഡ്വ.എം.എം. രാജീവന്‍, പ്രഫ. ആബിദ ഫാറൂഖി, സി.ഒ. ജോഷി, സുപ്രന്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ സുപ്രന്‍ നേരത്തേതന്നെ രാജിവെച്ചിരുന്നു.

ശനിയാഴ്ച ചേരാനിരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പഠനബോര്‍ഡുകള്‍ പുന$സംഘടിപ്പിക്കാനുള്ള അജണ്ട വന്നതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി സര്‍ക്കാര്‍ നോമിനികളെ മാറ്റിയത്. ആറ് അംഗങ്ങളെ മാറ്റിയ ഉത്തരവിന് പിന്നാലെ സിന്‍ഡിക്കേറ്റ് യോഗം മാറ്റിവെക്കുകയും ചെയ്തു. ഇതോടെ കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ എല്‍.ഡി.എഫ് അംഗബലം ഒമ്പതാകും. യു.ഡി.എഫ് പക്ഷത്ത് അവശേഷിക്കുന്നത് ഒമ്പത് പേരാണ്. വി.സി, പി.വി.സി എന്നിവര്‍ക്കുപുറമെ രണ്ട് സര്‍ക്കാര്‍ സെക്രട്ടറിമാരും സിന്‍ഡിക്കേറ്റില്‍ അംഗങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.