കൊച്ചി: മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനുമൊപ്പം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ വേദി പങ്കിട്ടിരുന്നതായി മൊഴി. കെ.എസ്.ഇ.ബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍.ഡി. ജോബാണ് സോളാര്‍ കമീഷന്‍ മുമ്പാകെ ഈ മൊഴി നല്‍കിയത്. 2012 മേയ് ആറിന് കോട്ടയം കോടിമത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അസോസിയേഷന്‍ വാര്‍ഷികാഘോഷ ഉദ്ഘാടന വേദിയിലാണ് മന്ത്രിമാര്‍ക്കൊപ്പം സരിതയും പങ്കെടുത്തിരുന്നതായി മൊഴി നല്‍കിയത്. അന്നത്തെ പരിപാടിയില്‍ മന്ത്രിമാര്‍ക്കൊപ്പം വേദിയില്‍ സരിതയും ഉണ്ടായിരുന്നതായി നിലവിലെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജികുമാറും മൊഴി നല്‍കി.
അസോസിയേഷന്‍ കമീഷനില്‍ നേരത്തേ ഹാജരാക്കിയ സീഡിയിലെ ദൃശ്യങ്ങള്‍ കമീഷന്‍ അഭിഭാഷകന്‍ മുന്‍ ജനറല്‍ സെക്രട്ടറിയെ കാണിച്ചാണ് മൊഴിയെടുത്തത്. വേദിയുടെ ഇടതുഭാഗത്ത് സരിത ഇരിക്കുന്നതായി മുന്‍ ജനറല്‍ സെക്രട്ടറി സമ്മതിച്ചു. ഉദ്ഘാടനച്ചടങ്ങ് അവസാനിച്ച് മന്ത്രിമാര്‍ വേദി വിടുന്നതുവരെ സരിത വേദിയില്‍ ഉണ്ടായിരുന്നു. അതേസമയം മന്ത്രിമാര്‍ സരിതയുമായി സംസാരിക്കുന്നത് തന്‍െറ ശ്രദ്ധയില്‍പെട്ടിരുന്നില്ളെന്നും അദ്ദേഹം പ്രതികരിച്ചു.
ടീം സോളാര്‍ കമ്പനിക്ക് സെമിനാറില്‍ സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടത് വൈദ്യുതി ബോര്‍ഡ് റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സി.പി. തോമസ് ആയിരുന്നുവെന്ന് ജോബ് പറഞ്ഞു. അന്നേദിവസം ടീം സോളാര്‍ കമ്പനിയെ പ്രതിനിധാനംചെയ്ത് സരിത സെമിനാറില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കമ്പനിക്ക് വേണ്ടി പരിപാടിയില്‍ സംസാരിച്ചത് മറ്റൊരാളാണ്. വൈദ്യുതി മന്ത്രി ടീം സോളാറിനെപ്പറ്റി പ്രസംഗത്തില്‍ എന്തെങ്കിലും പറഞ്ഞതായി അറിയില്ല. സെമിനാറിനോടനുബന്ധിച്ച് നടത്തിയ എക്സിബിഷന്‍ ഹാളില്‍ നിശ്ചിത തുകക്ക് ടീം സോളാര്‍ കമ്പനിക്ക് സ്റ്റാള്‍ അനുവദിച്ചിരുന്നു. എന്നാല്‍, അവിടെ ആരൊക്കെയുണ്ടായിരുന്നുവെന്ന് ശ്രദ്ധിച്ചില്ല. മന്ത്രിമാര്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചിരുന്നോയെന്ന് അറിയില്ളെന്നും ജോബ് പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ മുന്‍ഭാരവാഹി സി.ആര്‍. ബിജുവിനെയും കമീഷന്‍ വിസ്തരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിന് 20 ലക്ഷം കൈമാറിയെന്ന സരിതയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് മുന്‍ ഭാരവാഹി സി.ആര്‍. ബിജുവും ബാബുരാജുമാണെന്ന് ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് ആരോപിച്ചിരുന്നു.
എന്നാല്‍, മുന്‍ ഭാരവാഹിയെന്ന നിലയില്‍ സംഘടന അപകീര്‍ത്തിപ്പെടുന്നതായി കണ്ട അവസരത്തില്‍ തന്‍െറ അഭിപ്രായങ്ങള്‍ വാട്സ് ആപ്പ് വഴി രേഖപ്പെടുത്തിയിരുന്നു. അജിത്ത് സ്വന്തം നിലവാരത്തില്‍ തന്നെയും കണ്ടതുകൊണ്ടാണ് താനും ബാബുരാജും സരിതയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി ആരോപിച്ചതെന്നും ബിജു മൊഴി നല്‍കി. അജിത്ത് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചയുടന്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നതായും അദ്ദേഹം മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.