സംഘടനകളുടെ ചോദ്യപേപ്പര്‍ അച്ചടി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: അധ്യാപക സംഘടനകളുടെ ചോദ്യപേപ്പര്‍ അച്ചടി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ഇതിന്‍െറ ഭാഗമായി ഹയര്‍സെക്കന്‍ഡറിയില്‍ പ്ളസ് വണ്‍, പ്ളസ് ടു മോഡല്‍ പരീക്ഷകള്‍ ഇനിമുതല്‍ ഡയറക്ടറേറ്റ് നേരിട്ട് നടത്തും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയ വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ അംഗീകാരത്തിനുവിട്ടു. പാദവാര്‍ഷികപരീക്ഷകളുടെ നടത്തിപ്പ് അടുത്തഘട്ടത്തില്‍ ഡയറക്ടറേറ്റ് ഏറ്റെടുക്കും.

നിലവില്‍ പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തിലാണ് മോഡല്‍ പരീക്ഷകള്‍ നടത്തുന്നത്. വിവിധ അധ്യാപക സംഘടനകള്‍ തയാറാക്കുന്ന ചോദ്യപേപ്പറുകള്‍ ആയിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്. ഒരു അധ്യാപക സംഘടന കഴിഞ്ഞവര്‍ഷം തയാറാക്കിയ ചോദ്യം വിവാദമായതോടെയാണ് പരീക്ഷാ നടത്തിപ്പ് ഡയറക്ടറേറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്ളസ് വണ്‍, പ്ളസ് ടു മോഡല്‍ പരീക്ഷാ നടത്തിപ്പിനായി രണ്ട് കോടി രൂപയാണ് നീക്കിവെച്ചത്. ഇതാണ്  ചോദ്യപേപ്പര്‍ അച്ചടിയിലൂടെ അധ്യാപക സംഘടനകള്‍ വീതംവെച്ചിരുന്നത്. പ്രമുഖ അധ്യാപക സംഘടനകള്‍ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ ഏതാനും സംഘടനകള്‍ എതിര്‍പ്പും പ്രകടിപ്പിച്ചു. ഫെബ്രുവരിയിലാണ് മോഡല്‍ പരീക്ഷകള്‍.

പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനം ഓണത്തിനു മുമ്പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഹൈസ്കൂള്‍തലത്തില്‍ പഠിച്ച അതേ ഉപഭാഷ ഹയര്‍സെക്കന്‍ഡറിയില്‍ പഠിക്കാന്‍ അവസരം നല്‍കുന്ന ഉത്തരവ് പിന്‍വലിച്ചതെന്ന് ഡയറക്ടര്‍  അറിയിച്ചു. ജോയന്‍റ് ഡയറക്ടര്‍മാരായ ഡോ. പ്രകാശന്‍, ഇമ്പിച്ചിക്കോയ, അധ്യാപക സംഘടനാനേതാക്കളായ കെ.സി. ഹരികൃഷ്ണന്‍, പി. ഹരിഗോവിന്ദന്‍, ശരത് ചന്ദ്രന്‍, കെ.ടി. അബ്ദുല്‍ ലത്തീഫ്, ഇന്ദുലാല്‍, ഡോ. സാബു ജി.വര്‍ഗീസ്, പ്രസന്നകുമാര്‍, ജോഷി ആന്‍റണി, സി. അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.

ശമ്പളം തടയല്‍; ഡി.പി.ഐ വിളിച്ച യോഗത്തില്‍ ഇറങ്ങിപ്പോക്ക്

തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ ശമ്പളം തടഞ്ഞതില്‍ പ്രതിഷേധിച്ച് അധ്യാപകസംഘടനകള്‍ ഡി.പി.ഐ വിളിച്ച യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സ്കൂള്‍ ഗെയിംസ് മത്സരവേദികള്‍ തീരുമാനിക്കുന്നതിന് വിളിച്ചുചേര്‍ത്ത കേരള സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നിന്നാണ് യു.ഡി.എഫ് അനുകൂല അധ്യാപകസംഘടനകള്‍ ഒന്നടങ്കം ഇറങ്ങിപ്പോയത്.

3800ഓളം അധ്യാപകരുടെ ശമ്പളം പുന$സ്ഥാപിക്കാതെ ഗെയിംസ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ളെന്ന് പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സീനിയര്‍ പ്രമോഷന്‍ അനുവദിക്കുക, പുതിയതസ്തിക സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി യോഗം വിളിക്കാന്‍ പോലും തയാറായിട്ടില്ളെന്നും ഇവര്‍ പറയുന്നു. ഡി.പി.ഐയുടെ അഭാവത്തില്‍ എ.ഡി.പി.ഐ ജിമ്മി കെ. ജോസിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം.

പി. ഹരിഗോവിന്ദന്‍, ടി. പ്രസന്നകുമാര്‍, ടി.കെ. അശോക്കുമാര്‍, കെ.വി. ഇന്ദുലാല്‍, എം. രാധാകൃഷ്ണന്‍, സി. അബ്ദുല്‍ അസീസ്, തോമസ്കുട്ടി മാത്യു, ടി.യു. ജോര്‍ജ്, ഡോ. സാബു ജി. വര്‍ഗീസ്, ബി. മോഹന്‍കുമാര്‍ എന്നിവരാണ്  ഇറങ്ങിപ്പോയത്. വിവിധ ഗെയിംസ് മത്സരങ്ങളുടെ തീയതിയും വേദിയും യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് ഡിസംബര്‍ ആദ്യവാരം നടത്തും. ഇതിന്‍െറ തീയതിയും വേദിയും മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.