നിര്‍ഭയ മാധ്യമപ്രവര്‍ത്തനം ഉറപ്പുവരുത്തണം –കോടിയേരി

കൊച്ചി: നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് അവസരമുണ്ടാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോടതി റിപ്പോര്‍ട്ടിങ്ങിലടക്കം പൂര്‍വസ്ഥിതി പുന$സ്ഥാപിക്കണം. സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ഒത്തുതീര്‍പ്പുനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അതിന്‍െറ തുടര്‍നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.  പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളുമുണ്ടാകും. കോടതികള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ പ്രതിഷേധയോഗങ്ങള്‍ പാടില്ളെന്ന ഹൈകോടതി ഉത്തരവ് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. പലയിടത്തും കോടതികള്‍ റവന്യൂ സ്ഥാപനങ്ങളുടെ സമീപമോ അതേ കെട്ടിടത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങളൊന്നും നടത്താനാകില്ല. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരിയുമായി കെ.യു.ഡബ്ള്യു.ജെ ചര്‍ച്ച നടത്തി

 കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്ന നടപടിക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ള്യു.ജെ സംസ്ഥാന നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
 മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള വിലക്കുകള്‍ നീക്കാന്‍ വേണ്ടവിധം ഇടപെടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പുനല്‍കി. കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, വൈസ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍, സംസ്ഥാന കമ്മിറ്റി അംഗം ഡി. ദിലീപ്, എറണാകുളം ജില്ലാ  പ്രസിഡന്‍റ് കെ. രവികുമാര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
നിര്‍ഭയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന സാഹചര്യം ഉറപ്പാക്കണമെന്നും ഇതിന് നേരത്തേ ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം തുടരണമെന്നും കോടിയേരി പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ഉത്തരവാദപ്പെട്ടവര്‍ മടിച്ചുനില്‍ക്കരുത്.
ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കോടതി പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം നിരോധിച്ചത് പൗരാവകാശ ലംഘനമാണ്.
ഹൈകോടതിതന്നെ ഇത് പുന$പരിശോധിക്കണം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടേത് പക്ഷപാതപരമായ ഇടപെടല്‍ –പി.സി. ജോര്‍ജ്

 മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍േറത് പക്ഷപാതപരമായ ഇടപെടലാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കൊല്ലം പ്രസ് ക്ളബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
സംഭവം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി എറണാകുളത്തുപോയി അഭിഭാഷകരുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്.
ചര്‍ച്ചക്കുശേഷം അദ്ദേഹം നടത്തിയ പ്രസ്താവന തല്ലാനും തല്ലുകൊള്ളാനുമായി ആരും കോടതിയിലേക്ക് പോകേണ്ട എന്നാണ്. അതിനര്‍ഥം മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലേക്ക് പോകേണ്ട എന്നാണ്. അത് പക്ഷപാതപരമായ നിലപാടാണ്. അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.