തൃശൂര്‍: നിലവിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് തന്നെ വേണ്ടത്ര ജോലി ഇല്ലാത്തതിനാല്‍ കാര്‍ഷിക സര്‍വകലാശാലയിലെ മുഴുവന്‍ ഒഴിവും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാവില്ളെന്ന് വൈസ് ചാന്‍സലര്‍. റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഭരണസമിതിയംഗമായ എം.എല്‍.എ കെ. രാജന്‍ എം.എല്‍.എ. വൈസ് ചാന്‍സലറുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനറല്‍ കൗണ്‍സില്‍ അംഗമായ മുന്‍ എം.എല്‍.എ ബാബു എം. പാലിശേരിയുടെ ഇറങ്ങിപ്പോക്ക്. ശനിയാഴ്ച കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് വി.സിയും അംഗങ്ങളും ഒഴിവുകള്‍ നികത്തുന്ന വിഷയത്തില്‍ കലഹിച്ചത്. വേണമെങ്കില്‍ 50 ശതമാനം ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാമെന്നാണ് വി.സി പറഞ്ഞത്.
എല്ലാ വകുപ്പുകളും നിലവിലുള്ള ഒഴിവുകള്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആവശ്യപ്പെട്ടിരുന്നു.
ഈമാസം രണ്ടിന് ചേര്‍ന്ന കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ ഒഴിവും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെ. രാജന്‍ എം.എല്‍.എ ആവശ്യപ്പെടുകയും വി.സി ഡോ. പി. രാജേന്ദ്രന്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഈ നിലപാടാണ് ശനിയാഴ്ചത്തെ യോഗത്തില്‍ വി.സി മാറ്റിയത്.
അസിസ്റ്റന്‍റുമാരുടെ 200ഓളം ഒഴിവുകള്‍ സര്‍വകലാശാലയില്‍ നിലവിലുണ്ട്. ഇതില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് റിപ്പോര്‍ട്ട് ചെയ്ത 87 ഒഴിവല്ലാതെ കൂടുതലൊന്നും പി.എസ്.സിയെ അറിയിച്ചില്ല. കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിന്‍െറ നൂറോളം ഒഴിവുണ്ട്. അധ്യാപകരുടെ കാര്യത്തിലും കുറവ് നേരിടുന്നുണ്ട്. 14 അധ്യാപകര്‍ വേണ്ട അമ്പലവയല്‍ കേന്ദ്രത്തില്‍ ഉള്ളത് രണ്ട് അധ്യാപകര്‍.
ചുമതലയേറ്റ് ഇന്നേവരെ പറയാത്ത ന്യായമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യത്തില്‍ വി.സി പറയുന്നതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധ്യാപകേതര ജീവനക്കാരുടെ ജോലി ഭാരം വിലയിരുത്തിയിരുന്നു. അധ്യാപകരുടെ കാര്യത്തില്‍കൂടി അത് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ ഇരു വിഭാഗത്തിന്‍െറയും ഒരുമിച്ച് നടത്താമെന്നു പറഞ്ഞ് താന്‍ കൂടി ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കുന്നതായി വി.സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.