അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ നഷ്ടപ്പെടുന്നത് കോടികളുടെ വരുമാനം

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുന്നത് വിനോദസഞ്ചാര മേഖലയില്‍നിന്നുള്ള കോടികളുടെ വരുമാനം. കോടികള്‍ മുടക്കി വന്‍കിട ജലസേചനപദ്ധതി നടപ്പാക്കുമ്പോള്‍ അടയുന്നത് കാര്യമായ മുടക്കുമുതലില്ലാത്ത വലിയൊരു വരുമാന മാര്‍ഗമാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഈ മേഖലയിലത്തെുന്ന സഞ്ചാരികളുടെ എണ്ണത്തിലും അതുവഴി വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ട്.

അതിരപ്പിള്ളിയില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളിലെ മാത്രം വരുമാനം 87,52,514 രൂപയാണ്. സഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന പ്രവേശന ടിക്കറ്റ്, പാര്‍ക്കിങ് ചാര്‍ജ്, കാമറയുടെ ചാര്‍ജ് എന്നീ ഇനങ്ങളിലാണിത്. ഇതിന് പുറമെയാണ് ഈ മേഖലയിലെ തുമ്പൂര്‍മുഴിയില്‍നിന്നുള്ള വരുമാനം. വേനലവധി ആരംഭിച്ചതോടെയാണ് അതിരപ്പിള്ളിയില്‍ സഞ്ചാരികളുടെ തിരക്കേറിയത്. വിഷു ആയതോടെ കൂടുതല്‍ സജീവമായി. പ്രതിദിനം ശരാശരി ഒരു ലക്ഷം രൂപയോളമായി വരുമാനം. അവധി ദിനങ്ങളില്‍ അത് നാലുലക്ഷം വരെയത്തെി. സീസണ്‍ അവസാനിക്കുന്നത് പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കായിരുന്നു. ഞായറാഴ്ച 13,947 സഞ്ചാരികളത്തെി. 3,92,672 രൂപയാണ് അന്നത്തെ വരുമാനം. ശനിയാഴ്ച 9835 സഞ്ചാരികളില്‍ നിന്ന് 2,73,890 രൂപ ലഭിച്ചു. 30ന് 5721 പേരില്‍ നിന്ന് 1,61,126 രൂപ ലഭിച്ചു. 26നും 27 തീയതികളിലായി 3,31,682 രൂപയായിരുന്നു വരുമാനം. വനസംരക്ഷണസേനയില്‍ ജോലി കിട്ടിയതോടെ  അതിരപ്പിള്ളി മേഖലയിലെ ആദിവാസികള്‍ക്ക് പഴയ പട്ടിണിയും ദാരിദ്ര്യവുമില്ല. കള്ളവാറ്റും മൃഗവേട്ടയും അടക്കം പല സാമൂഹിക തിന്മകളും ഇല്ലാതായി.


പദ്ധതി നടപ്പാക്കണം–ഐ.എന്‍.ടി.യു.സി
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ആറ് കിലോമീറ്റര്‍ മുകളില്‍ 23 മീറ്റര്‍ ഉയരത്തില്‍ ഡാം നിര്‍മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാം.
നാടിന്‍െറ വികസനം തടസ്സപ്പെടുത്തുന്ന തീവ്ര പരിസ്ഥിതി സ്നേഹം അനുവദിക്കാനാവില്ല. സംസ്ഥാനത്തെ വനവിസ്തൃതിയുടെ 24 ശതമാനം വനമേഖലയാണ്. ഇതുവരെ കമീഷന്‍ ചെയ്തിട്ടുള്ള പദ്ധതികള്‍ക്കുവേണ്ടി വനമേഖലയുടെ രണ്ട് ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.
ഇനിയുള്ള എല്ലാ പദ്ധതികളും കമീഷന്‍ ചെയ്താലും ഒരുശതമാനം വനംകൂടിയേ നഷ്ടപ്പെടുകയുള്ളൂ. അതിനാല്‍ കേരളത്തിന് നഷ്ടപ്പെട്ട സൈലന്‍റ് വാലി, പൂയംകുട്ടി, പാത്രക്കടവ് പദ്ധതികള്‍ക്കുവേണ്ടി പോരാട്ടം നടത്തണമെന്നും അനുമതി ലഭിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി ഉടന്‍ നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംഘടനാ ജനറല്‍ സെക്രട്ടറി സിബിക്കുട്ടി ഫ്രാന്‍സിസ്, നെയ്യാറ്റിന്‍കര പ്രദീപ്, വി. ഗോപകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.     

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.