വിവാദ ഉത്തരവുകള്‍ ഉപസമിതിക്ക് മുന്നില്‍


തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിസഭയുടെ ജനുവരി ഒന്നുമുതലുള്ള വിവാദ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി ഇന്നുയോഗം ചേരും. വിവാദ ഉത്തരവുകളെല്ലാം സമിതിക്ക് മുന്നില്‍ ഹാജരാക്കാന്‍ റവന്യൂ വകുപ്പിനോട് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ജനുവരിക്കു മുമ്പുള്ള ചില ഉത്തരവുകളും ഹാജരാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ കഴിഞ്ഞസര്‍ക്കാര്‍ പിന്‍വലിച്ചതും അല്ലാത്തവയുമുണ്ട്. മെത്രാന്‍ കായല്‍, കടമക്കുടി, സന്തോഷ് മാധവന്‍െറ ഭൂമി എന്നിവ പിന്‍വലിച്ച ഉത്തരവുകളാണെങ്കില്‍ ചെമ്പിലെ ഭൂമി ഇളവ്, ഹരിപ്പാട് മെഡിക്കല്‍ കോളജിന് 879 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുക്കല്‍ തുടങ്ങിയവ നിലനില്‍ക്കുന്നതുമാണ്. പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കുന്നതിന് തയാറാക്കിയ ഭേദഗതിയുടെ കരട് കോപ്പിയും ഉപസമിതിക്ക് മുന്നിലത്തെും. മന്ത്രിസഭാ യോഗത്തില്‍ അജണ്ടക്ക് പുറത്ത് പാസാക്കിയെടുത്ത ഉത്തരവുകളായിരുന്നു പിന്‍വലിച്ചത്.

ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയ പല ഉത്തരവുകളും പിന്‍വലിച്ചിരുന്നില്ല. ഭൂമി ഇളവുകള്‍ക്ക് ആധാരമായ ഉത്തരവ് 2015 സെപ്റ്റംബര്‍ 22നാണ് ഇറങ്ങിയത്. സംസ്ഥാനത്തെ ഭൂപരിധി എടുത്തുകളയാനുള്ള ആലോചന 2013ല്‍ തന്നെ തുടങ്ങിയിരുന്നു. ഇതിന്‍െറ ഭാഗമായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് 2013 ഒക്ടോബര്‍ മൂന്നിന് ഉത്തരവിറക്കുകയും ചെയ്തിരുന്നു. 2014 ഡിസംബര്‍ 11ന് പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനെ പഠനം നടത്താന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. സ്വകാര്യ മൂലധന നിക്ഷേപം നടത്തുന്നവര്‍ക്ക് പൊതുതാല്‍പര്യമാണെന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി ആറുമാസം വരെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.