ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കും -ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് കേരള പൊലീസിന് മുന്നിലെ ഏറ്റവുംവലിയ വെല്ലുവിളിയാണെന്നും, ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് കുറ്റവാളിയെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സി.ബി.ഐ അനുവര്‍ത്തിക്കുന്ന ശാസ്ത്രീയ പരിശോധനകളിലൂടെയാകും അന്വേഷണം പുരോഗമിക്കുക. കേസിന് മേല്‍നോട്ടം വഹിച്ച് മാറിനില്‍ക്കാതെ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം കാര്യക്ഷമമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് ആസ്ഥാനത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ജിഷയുടെ വീട് സന്ദര്‍ശിക്കും. കുറ്റവാളി ആരാണെന്ന് തിരിച്ചറിയുന്നതിന് പ്രഥമപരിഗണന നല്‍കും. കേസന്വേഷണത്തിലെ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുമൊക്കെ പിന്നീട് ആലോചിക്കും. അതേസമയം, ഇത്രദിവസത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കാമെന്ന് പറയുന്നില്ല. സി.ബി.ഐയില്‍ ആയിരുന്ന സമയത്ത്, ഒരുതെളിവുമില്ലാത്ത കേസെന്ന് വിലയിരുത്തിയവ പോലും തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായാണ് കേരള പൊലീസിനെ നയിക്കുക. ശാസ്ത്രീയപരിശോധനകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം കേരള പൊലീസില്‍ കുറവാണ്. ഈ അവസ്ഥ മാറണം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലാബുകള്‍ കേരളത്തില്‍ കുറവാണ്. ഇതൊരു ന്യൂനതയാണെങ്കിലും അതില്‍ കടിച്ചുതൂങ്ങില്ല. ദേശീയതലത്തിലെ മികച്ച ലബോറട്ടറികളുടെ സേവനം പ്രയോജനപ്പെടുത്തും.

ജിഷ കേസ് പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നടന്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം. അദ്ദേഹത്തിന്‍െറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. ഇതിലും അന്വേഷണം കാര്യക്ഷമമാക്കും. സംസ്ഥാനത്ത് എവിടെ കുറ്റകൃത്യം നടന്നാലും നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് സംഭവസ്ഥലത്തത്തെണം. എന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസമുണ്ടാകൂ. അതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കും. പൊലീസില്‍ കമ്പ്യൂട്ടറൈസേഷന്‍ വ്യാപിപ്പിക്കും. കുറ്റമറ്റ പൊലീസിങ് സമ്പ്രദായം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.