തിരുവനന്തപുരം: ധാര്‍മികതയിലൂന്നിയും പുതിയ മൂല്യം കണ്ടത്തെിയും എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാന്‍ സ്പീക്കര്‍ക്ക് കഴിയണമെന്ന് സഭയില്‍ പി. ശ്രീരാമകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ സഭയിലുണ്ടായ അപമാനകരമായ സംഭവങ്ങള്‍ ഈ പ്രതിപക്ഷത്തിന്‍െറ ഭാഗത്തുനിന്നുണ്ടാവില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉറപ്പുനല്‍കി. സ്പീക്കര്‍ എല്ലാവരുടേതുമായിരിക്കണമെന്ന് പിണറായി അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ ന്യായവും യുക്തവുമായ അവകാശങ്ങള്‍ സംരക്ഷിക്കണം. അതോടൊപ്പം സര്‍ക്കാറിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.
സഭയില്‍ എല്ലാവരുടെയും അവകാശങ്ങളും താല്‍പര്യങ്ങളും സ്പീക്കറില്‍ നിക്ഷ്പിതമാണെന്ന് ഓര്‍ക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തിന്‍െറ പ്രതിനിധിയാണെങ്കിലും സ്വതന്ത്ര രൂപത്തില്‍ പ്രവര്‍ത്തിക്കേണ്ട ചുമതല സ്പീക്കര്‍ക്കുണ്ട്. സ്പീക്കറുടേത് ഭരണഘടനാപദവിയാണ്. പ്രതിപക്ഷത്തിന്‍െറ അവകാശം സംരക്ഷിക്കുകയും നീതി നടപ്പാക്കുകയും ചെയ്യണമെന്നും രമേശ് പറഞ്ഞു.
എല്ലാവരെയും ഒന്നായിക്കണ്ടുള്ള പ്രവര്‍ത്തനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാ പിന്തുണയും വ്യക്തമാക്കിയ
പി.കെ. കുഞ്ഞാലിക്കുട്ടി ജനകീയ പ്രശ്നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും നിയമനിര്‍മാണവും ഗൗരവതരത്തില്‍ നടക്കണമെന്ന് ഓര്‍മിപ്പിച്ചു. സോമനാഥ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായപ്പോള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച മാതൃക സ്വീകരിക്കാവുന്നതാണെന്ന് കെ.എം. മാണി അഭിപ്രായപ്പെട്ടു. സോളമന്‍ രാജാവിന് ദൈവം ജ്ഞാനം നല്‍കിയതുപോലെ അങ്ങേക്കും ലഭിക്കട്ടേയെന്നായിരുന്നു ബൈബ്ള്‍ ഉദ്ധരിച്ചുകൊണ്ട് തോമസ് ചാണ്ടിയുടെ ആശംസ. തിരുക്കുറല്‍ ഉദ്ധരിച്ച കെ.ബി. ഗണേഷ്കുമാര്‍ ശ്രീരാമകൃഷ്ണപരമഹംസന്‍െറ പേരുമായി സ്പീക്കറുടെ പേരിനുള്ള സാദൃശ്യം എടുത്തുകാട്ടി. ധാര്‍മികതയുടെ വെളിച്ചമുണ്ടാകുമെന്നാണ് രാജഗോപാല്‍ അഭിപ്രായപ്പെട്ടത്. അതിന്‍െറ സൂചനയാണ് സ്പീക്കറുടെ പേര്. ശ്രീ എന്നാല്‍ ഐശ്വര്യമാണ്. രാമന്‍ എന്നാല്‍ ധര്‍മമാണ്. ധര്‍മം നിലനിര്‍ത്താനാണ് കൃഷ്ണന്‍ ജനിച്ചത്. അതെല്ലാം സമന്വയിക്കുന്ന പേരുള്ള അങ്ങില്‍നിന്ന് ധാര്‍മികമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നെന്നും രാജഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.