മൂല്യനിര്‍ണയ ക്യാമ്പ് ബില്ലുകളില്‍ ലക്ഷങ്ങളുടെ തിരിമറി; എം.ജി സര്‍വകലാശാല അന്വേഷണം തുടങ്ങി

കോട്ടയം: മൂല്യനിര്‍ണയ ക്യാമ്പുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തിരിമറിനടത്തി എം.ജി സര്‍വകലാശാലയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സംശയം തോന്നി ജീവനക്കാര്‍  പരാതിപ്പെട്ടതോടെ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. പത്തനംതിട്ടയിലെയൊരു മൂല്യനിര്‍ണയ ക്യാമ്പ് ഓഫിസര്‍, പരീക്ഷാ വിഭാഗം ഓഡിറ്റ് സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ജോയന്‍റ് രജിസ്ട്രാര്‍ എ.സി. ബാബുവിനാണ് അന്വേഷണച്ചുമതല.

 മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ വേതനം, ടി.എ, ഡി.എ എന്നിവയുടെ ബില്ലുകള്‍ അതത് ക്യാമ്പ് ഓഫിസര്‍മാരാണ് സര്‍വകലാശാലക്ക് സമര്‍പ്പിക്കുന്നത്. ഇത് സര്‍വകലാശാല ആസ്ഥാനത്തെ പരീക്ഷാ ഓഡിറ്റ് വിഭാഗം പരിശോധിച്ച് ക്യാമ്പ് ഓഫിസറുടെ പേരില്‍ ചെക് നല്‍കും. തുടര്‍ന്ന് ചെക്കുമാറി ഓഫിസര്‍ ഒരോ അധ്യാപകര്‍ക്കും പണം നല്‍കുകയാണ് പതിവ്.ഇത്തവണ പത്തനംതിട്ടയില്‍നിന്നുള്ള ക്യാമ്പ് ഓഫിസര്‍ 7.25 ലക്ഷത്തിന്‍െറ ബില്ല് സമര്‍പ്പിക്കുകയും ഈ തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കുശേഷം ഈ ബില്ലുകളുടെ ഡ്യൂപ്ളിക്കേറ്റ് സമര്‍പ്പിച്ച് വീണ്ടും പണം വാങ്ങാന്‍ ശ്രമിച്ചു. പരീക്ഷാ ഓഡിറ്റ് വിഭാഗത്തിലെ ഉന്നതന്‍ ബില്ല് നേരിട്ട് പരിശോധിച്ച് പണം കൊടുക്കാന്‍ കീഴ്ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍, മറ്റൊരു സെക്ഷനിലെ ജീവനക്കാന്‍ ഈ ബില്ലുകള്‍ കണ്ടപ്പോള്‍ നേരത്തേ പണം നല്‍കിയതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.  തുടര്‍ന്ന് പഴയകാല ബില്ലുകള്‍ പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരേ ബില്ലുകള്‍ക്ക് ഒന്നിലധികം തവണ പണം വാങ്ങിയതായി സംശയം ഉയര്‍ന്നു. മുന്‍വര്‍ഷങ്ങളിലായി  ഒരേ ബില്ലുകള്‍ പലതവണ മാറിയെടുത്തതെന്നാണ് സൂചന. പ്രാഥമിക പരിശോധനയില്‍ ഇത്തരത്തില്‍ 67 ലക്ഷത്തോളം രൂപയുടെ കൃത്രിമം  നടന്നുവെന്നാണ് നിഗമനം. ഇതോടെ ബില്ലുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ ഉത്തരവിട്ടു. ജോയന്‍റ് രജിസ്ട്രാര്‍ എ.സി. ബാബുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.  

ഇത്തരത്തില്‍ മറ്റ് മൂല്യനിര്‍ണയ ക്യാമ്പുകളിലും സാമ്പത്തിക തിരിമറി നടന്നതായും ആക്ഷേപമുണ്ട്. ക്യാമ്പ് ഓഫിസറും ഓഡിറ്റ് സെക്ഷനിലെ ഉന്നതനും തമ്മിലെ അവിശുദ്ധബന്ധമാണ് സര്‍വകലാശാലക്ക് ദശലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. അതിനിടെ, ആരോപണം നേരിടുന്നവരില്‍ ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനും സര്‍വകലാശാല മടിച്ചില്ല. ഭരണാനുകൂല സംഘടനയില്‍പെടുന്ന ഇദ്ദേഹത്തിനെതിരെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും സൂചനയുണ്ട്. മൂല്യനിര്‍ണയ ക്യാമ്പ് ബില്ലുകള്‍ ഒന്നിലധികം തവണ സമര്‍പ്പിച്ചെന്ന് സംശയം ഉണ്ടായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സര്‍വകലാശാലക്ക് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ തിരിമറിയുണ്ടായോയെന്ന് പറയാനാകൂ. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ ക്രമക്കേട് നടന്നുവോയെന്ന് പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.