സന്തോഷ് മാധവന് ഭൂമിദാനം:കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും എതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

തിരുവനന്തപുരം: വിവാദ സന്യാസി സന്തോഷ് മാധവന് ഭൂമി നല്‍കിയ കേസില്‍ മുന്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂനിറ്റ്- രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തേ ഇതുസംബന്ധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലങ്ങളിലുണ്ടായ നീക്കങ്ങളുടെ കൂടുതല്‍ രേഖകള്‍ റിപ്പോര്‍ട്ടില്‍ ഇല്ളെന്ന് വിമര്‍ശിക്കുകയും ചെയ്തു. അതിനൊപ്പം മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം അജണ്ടയായി ഉള്‍പ്പെടുത്താനുള്ള വ്യവസായ വകുപ്പിന്‍െറ താല്‍പര്യം എന്താണെന്ന് ആരായുകയും ചെയ്തിരുന്നു. മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മത്തേ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടന്നത്.

എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127.85 ഏക്കര്‍ മിച്ചഭൂമിയാണ് സന്തോഷ് മാധവന്‍െറ നേതൃത്വത്തിലുള്ള ആര്‍.എം.ഇസെഡ് ഇക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍െറ കീഴിലുള്ള പ്രോപര്‍ട്ടി ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കൈമാറി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ  ഭൂമി നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതിനാല്‍ കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന നിര്‍ദേശങ്ങള്‍ മറികടന്നായിരുന്നു നടപടി. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍, അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഭൂമിദാനം സംബന്ധിച്ച വിഷയം മന്ത്രിസഭയില്‍ ഒൗട്ട് ഒഫ് അജണ്ടയായി അവതരിപ്പിച്ചതെന്നും വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ളെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഐ.ടി, വ്യവസായ വകുപ്പുകള്‍ക്കും വ്യവസായ മന്ത്രിക്കും ഈ വിഷയത്തില്‍ എന്താണ് പങ്കെന്ന് വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഇതനുസരിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, മന്ത്രിയുടെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പി. വിജയകുമാരന്‍ എന്നിവരുടെ മൊഴിയെടുത്ത് വിജിലന്‍സ് അനുബന്ധ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാലിത് കോടതി തള്ളുകയും എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വിജിലന്‍സ് മേധാവി ഡോ. ജേക്കബ് തോമസിന്‍െറ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി അജിത്കുമാറാണ് അന്വേഷണം നടത്തുന്നത്.

ഭൂമിദാനം: കുറ്റമുക്തരാക്കിയവര്‍ തന്നെ തുടരന്വേഷണവും നടത്തും
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാന കേസില്‍ മുന്‍ മന്ത്രിമാര്‍ കുറ്റക്കാരല്ളെന്ന് ‘കണ്ടത്തെിയ’ സംഘംതന്നെ തുടരന്വേഷണവും നടത്തുമെന്ന് സൂചന.പുത്തന്‍വേലിക്കരയിലെ 112 ഏക്കര്‍ കൃഷിഭൂമി സ്വകാര്യ ഐ.ടി പാര്‍ക്കിനുവേണ്ടി ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് വിട്ടുനല്‍കാനുള്ള വിവാദ മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലത്തെിയ പരാതി.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ, സ്ഥലമുടമ സന്തോഷ് മാധവന്‍, ഐ.ടി കമ്പനിയായ ആര്‍.എം.ഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ബി.എം. ജയശങ്കര്‍ എന്നിവരെ പ്രതികളാക്കിയാണ് പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ സമീപിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും കോടതി ഒഴിവാക്കി.

സന്തോഷ് മാധവന്‍െറ ഉടമസ്ഥതയിലുള്ള ആദര്‍ശ് പ്രൈം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ എറണാകുളം വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ളേജില്‍ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മടത്തുംപടി വില്ളേജില്‍ 32.41 ഏക്കര്‍ നിലവും ഉണ്ടായിരുന്നു.
2006ല്‍ വാങ്ങിയതാണ് ഈ ഭൂമി. എന്നാല്‍, 1964ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പനുസരിച്ച് 2009 ജനുവരിയില്‍ സര്‍ക്കാര്‍ ഇത് മിച്ചഭൂമിയായി ഏറ്റെടുത്തു. സര്‍ക്കാര്‍ നടപടിക്കെതിരെ സന്തോഷ് മാധവന്‍െറ കമ്പനി ഹൈകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്ന് മിച്ചഭൂമിയെന്നു കണ്ടത്തെിയ 112 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത തീരുമാനം നടപ്പാക്കി 2013 മാര്‍ച്ച് എട്ടിന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനുശേഷമാണ് കേസിന് ആധാരമായ നീക്കം നടക്കുന്നത്. ഈ ഭൂമിയില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനം നല്‍കിയ അപേക്ഷയില്‍ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ, 2016 മാര്‍ച്ച് രണ്ടിനാണ് 1964ലെ ഭൂപരിഷ്കരണ നിയമത്തിലെ 81(3)ചട്ടത്തില്‍ ഇളവനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിവാദമായതോടെ റവന്യൂ വകുപ്പ് ഈ ഉത്തരവ് പിന്‍വലിച്ചു. പക്ഷേ, ഭൂമിദാന നീക്കത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയിലത്തെിയത്. അന്നൊന്നും വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ചിത്രത്തിലില്ലായിരുന്നു. കോടതി നിര്‍ദേശപ്രകാരം നടത്തിയ ത്വരിതാന്വേഷണത്തില്‍ റവന്യൂവകുപ്പിനെ മറികടന്ന് വ്യവസായ മന്ത്രിയാണ് അജണ്ടയില്‍ ഇല്ലാതിരുന്ന ഭൂമിദാന അപേക്ഷ മന്ത്രിസഭക്ക് മുമ്പാകെ വെച്ചതെന്ന് വിശദീകരിക്കുകയായിരുന്നു. പക്ഷേ, സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല, ഉത്തരവ് പിന്‍വലിച്ചു എന്നീ വാദങ്ങള്‍ ഉയര്‍ത്തി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരല്ളെന്ന് ‘കണ്ടത്തെുക’യായിരുന്നു. വിജിലന്‍സ് ശിപാര്‍ശ കോടതി തള്ളിയതോടെയാണ് കുഞ്ഞാലിക്കുട്ടിയും പ്രതിസ്ഥാനത്ത് എത്തിയത്.ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ തിരുവനന്തപുരം വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ്.പി കെ. ജയകുമാറിനാണ് തുടരന്വേഷണത്തിന്‍െറ മേല്‍നോട്ട ചുമതലയെന്നാണ് സൂചന.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.