ചെയര്‍മാൻ സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തന്നെ തുടരണമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: യു.ഡി.എഫ് ചെയര്‍മാൻ സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തന്നെ തുടരണമെന്ന് യു.ഡി.എഫ് ഏകോപനസമിതി യോഗം  തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ചേർന്ന് യോഗത്തിലാണ് തീരുമാനം. എന്നാൽ ഈ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കരുതെന്ന് ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു. ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻചാണ്ടിയുടെ പേര് നിർദേശിച്ചത്.  നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിൽ പദവിയിൽ തുടരുന്നതിൽ അദ്ദേഹം വിമുഖത കാണിച്ചു. നിയമസഭാകക്ഷിനേതാവായ നേതാവായ രമേശ് ചെന്നിത്തല പദവിയിൽ വരണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതായാണ് വിവരം. യു.ഡി.എഫ് യോഗ തീരുമാനം എ.െഎ.സി.സിക്ക് അയക്കും. അന്തിമ തീരുമാനം ഹൈകമാൻഡിൻറേതാണ്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവാണ് സാധാരണ യു.ഡി.എഫിന്‍െറയും ചെയര്‍മാനാവാറുള്ളത്.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിൽ ചേർന്ന യോഗത്തില്് നേമത്തെ തോല്‍വിയടക്കം ചര്‍ച്ചയായി. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ചക്കൊപ്പം ചില സീറ്റുകളിലെങ്കിലും വോട്ടുമറിച്ചുവെന്ന ആരോപണം മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും ഉണ്ട്. ബി.ജെ.പിയെ നേരിടുന്നതില്‍ സ്വീകരിച്ച തണുപ്പന്‍ സമീപനവും ദോഷകരമായെന്നാണ് പൊതുഅഭിപ്രായം. സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു, ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് സി.പി.എം നടത്തിയ പ്രചാരണം തടയാനായില്ല തുടങ്ങിയവയും പരാജയ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. കഴിഞ്ഞ യോഗത്തില്‍, പരാജയം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഓരോകക്ഷിയുടെയും സ്വന്തം വിലയിരുത്തലിനു ശേഷം മുന്നണിയോഗം ചേര്‍ന്ന് വിശദ പരിശോധന നടത്താമെന്ന ധാരണയില്‍ അന്ന് പിരിയുകയായിരുന്നു.  ചില ഘടകകക്ഷികളുടെ അവലോകന യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.