തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. വകുപ്പ് സെക്രട്ടറിമാരുടെ തലത്തില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം വരുത്തിയ സമൂല അഴിച്ചുപണിയില്‍ ചില മന്ത്രിമാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും ചില മാറ്റങ്ങള്‍ വരുത്തിയത്.
കഴിഞ്ഞ ആഴ്ച ജലവിഭവ വകുപ്പിന്‍െറ ചുമതലയില്‍നിന്ന് മാറ്റിയ അഡീഷനല്‍ ചീഫ്സെക്രട്ടറി വി.ജെ. കുര്യന് പുനര്‍നിയമനം നല്‍കി. അഡീഷനല്‍ ചീഫ്ഇലക്ടറല്‍ ഓഫിസറായിരുന്ന ടിങ്കു ബിസ്വാളിനെയാണ് കഴിഞ്ഞയാഴ്ച ജലവിഭവ സെക്രട്ടറിയാക്കി നിയമിച്ചത്. താരതമ്യേന ജൂനിയര്‍ ഉദ്യോഗസ്ഥയായ അവര്‍ക്ക് അന്തര്‍സംസ്ഥാന നദീജല കരാര്‍ അടക്കമുള്ള വലിയ വകുപ്പ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്ന് മന്ത്രി മാത്യു ടി. തോമസ് മുഖ്യമന്ത്രിയെ അറിയിച്ചു.
മലയാളം അറിയാത്തതും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വ്യോമയാന സെക്രട്ടറിയുടെയും സിയാലിന്‍െറയും ചുമതലക്ക് പുറമേ വി.ജെ. കുര്യന് ജലവിഭവവകുപ്പ് കൂടി നല്‍കിയത്. ജലവിഭവ വകുപ്പിനൊപ്പം ജല ഗതാഗതം, കോസ്റ്റല്‍ ഷിപ്പിങ്, അന്തര്‍സംസ്ഥാന നദീ ജല സെല്‍ എന്നിവയുടെ അധികച്ചുമതല കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ടിങ്കു ബിസ്വാള്‍ ഇതേ വകുപ്പുകളുടെ സെക്രട്ടറിയായി തുടരും. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരള പ്രതിനിധിയും വി.ജെ. കുര്യനാണ്.
വെറ്ററിനറി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരിക്കെ പ്രശ്നങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേ വകുപ്പിന്‍െറ സെക്രട്ടറിയായി ഡോ.ബി. അശോക് തുടരുന്നത് ധാര്‍മികമല്ളെന്ന് മൃഗ സംരക്ഷണ മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു. ഡോ. ബി. അശോകിനെ ആയുഷ് വകുപ്പ് സെക്രട്ടറിയാക്കി മാറ്റി. തുടര്‍ന്നാണ് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് മൃഗ സംരക്ഷണം, ഡെയറി, മൃഗശാല എന്നീ വകുപ്പുകളുടെ അധികച്ചുമതല നല്‍കിയത്. സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജിന് മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ് വകുപ്പുകളുടെ ചുമതല കൂടി നല്‍കി.
കഴിഞ്ഞ ആഴ്ച ഐ.എ.എസുകാരെ ഇളക്കി പ്രതിഷ്ഠിച്ചപ്പോള്‍ സ്ഥാനം ലഭിക്കാതിരുന്ന ടി. ഭാസ്കരനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. പത്മകുമാറിനെ ലാന്‍ഡ് റവന്യൂ ബോര്‍ഡ് ജോയന്‍റ് സെക്രട്ടറിയാക്കി. കയര്‍ വകുപ്പ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിനാണ്. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധികച്ചുമതല എറണാകുളം കലക്ടര്‍ രാജമാണിക്യത്തിന് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.