യു.ഡി.എഫ് കാലത്തെ 900ത്തിലധികം ഉത്തരവുകള്‍ പരിശോധിക്കും

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന നാളുകളിലെ 900ത്തിലധികം ഉത്തരവുകള്‍ പരിശോധിക്കാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശം. വിവാദ ഉത്തരവുകള്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്യണം. റവന്യൂ വകുപ്പ് കൈക്കൊണ്ട 47 തീരുമാനങ്ങള്‍ പുന$പരിശോധിക്കാനും നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു. എത്രയും പെട്ടെന്ന് നിയമോപദേശം ലഭ്യമാക്കാനാണ് നിയമസെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയത്, ഭൂമി പതിച്ചുകൊടുത്തത്, മിച്ചഭൂമി ഏറ്റെടുക്കാതിരുന്നത്, പാട്ടക്കുടിശ്ശിക ഇളവ് നല്‍കിയത് തുടങ്ങി ഒട്ടേറെ വിവാദ തീരുമാനങ്ങളാണ് കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തുണ്ടായത്. പലതും മന്ത്രിസഭായോഗത്തിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും ധന, നിയമ വകുപ്പിന്‍െറ അറിവില്ലാതെയും ബന്ധപ്പെട്ട വകുപ്പ് പോലും അറിയാതെയും ആണെന്നാണ് കണ്ടത്തെല്‍. ഇത്തരം തീരുമാനങ്ങളുടെ ഉറവിടം പരിശോധിക്കും. മെത്രാന്‍ കായല്‍, സന്തോഷ് മാധവന്‍, കടമക്കുടി തുടങ്ങിയ ഉത്തരവുകള്‍ പിന്‍വലിച്ചെങ്കിലും വൈക്കത്ത് ചെമ്പില്‍ ഐ.ടി പാര്‍ക്കിന് വയല്‍ നികത്താന്‍ അനുമതി നല്‍കിയത് പിന്‍വലിച്ചിട്ടില്ല.
പീരുമേട്ടിലെ ഹോപ് പ്ളാന്‍േറഷന്‍സിന്‍െറ 302 ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുക്കാമായിരുന്നിട്ടും 151 ഏക്കര്‍ ഏറ്റെടുത്താല്‍ മതി എന്ന തീരുമാനവും വിമര്‍ശം ക്ഷണിച്ചുവരുത്തി. ഇതും പക്ഷേ റദ്ദാക്കിയിട്ടില്ല. നിയമവകുപ്പ് സെക്രട്ടറിയോട് ഉത്തരവുകള്‍ റദ്ദാക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.