എസ്.എന്‍.ഡി.പി വിവാഹ പത്രിക നിഷേധിച്ചു; ശിവഗിരി മഠം തുണയായി

കട്ടപ്പന:  ഇടതുപക്ഷ അനുഭാവികളായ കുടുംബത്തിലെ വധൂവരന്മാര്‍ക്ക് എസ്.എന്‍.ഡി.പി യോഗം വിവാഹ പത്രിക നിഷേധിച്ചു. തുടര്‍ന്ന്, ശിവഗിരി മഠം നേരിട്ട് പത്രിക നല്‍കി വിവാഹം നടത്തി. അടിമാലി പണ്ടരനിലയത്ത് സോമന്‍-ഗീത ദമ്പതികളുടെ മകന്‍ പി.എസ്. ശ്രീജിത്തിന്‍െറയും മേരികുളം വലിയപറമ്പില്‍ ചന്ദ്രന്‍-രാധാമണി ദമ്പതികളുടെ മകള്‍ ജിഷയുടെയും വിവാഹമാണ് ശിവഗിരി മഠത്തിന്‍െറ സഹായത്തോടെ കട്ടപ്പനയില്‍ നടന്നത്.

ഇവര്‍ അംഗമായ എസ്.എന്‍.ഡി.പി ശാഖകള്‍ പത്രിക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ശ്രീനാരായണ ധര്‍മവേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. വരനും വധുവും 1000 രൂപ വീതം നല്‍കിയാല്‍ ശ്രീനാരായണീയരായ ആര്‍ക്കും ശിവഗിരി മഠത്തിലെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍െറ വിവാഹ പത്രിക ലഭിക്കും.

എസ്.എന്‍.ഡി.പി പ്രവര്‍ത്തകരും ധര്‍മവേദി പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇടതുപക്ഷ അനുഭാവികളായതിന്‍െറ പേരില്‍ വിവാഹ പത്രിക നിഷേധിച്ചതില്‍ വിഷമമുണ്ടെന്നും ശ്രീനാരായണ ധര്‍മവേദിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. ശാഖ യോഗത്തില്‍ കുടിശ്ശികയുള്ളതിനാലാണ് പത്രിക നിഷേധിച്ചതെന്ന് എസ്.എന്‍.ഡി.പി യോഗം ഭാരവാഹി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT