വാറന്‍റ് എഴുതിയത് തെറ്റിയതിന് ബെഞ്ച് ക്ളര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ അഡീഷനല്‍ സബ് കോടതിയിലെ ബെഞ്ച് ക്ളര്‍ക്ക് അറസ്റ്റ് വാറന്‍റ് തെറ്റായ വിലാസത്തിലേക്ക് അയക്കുക വഴി നിരപരാധിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന  മനുഷ്യാവകാശ കമീഷന്‍  അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
തുക പരാതിക്കാരന് മണി ഓര്‍ഡറായോ ഡി.ഡിയായോ ജൂലൈ 30നകം ബെഞ്ച്ക്ളര്‍ക്ക് അയച്ചുകൊടുക്കണം. തുക അയച്ച ശേഷം ആഗസ്റ്റ് മൂന്നിന് രാവിലെ 11ന് കമീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ക്ളര്‍ക്ക് നടപടി റിപ്പോര്‍ട്ട് ഹാജരാക്കണം. ഇല്ളെങ്കില്‍ തുക സര്‍ക്കാറില്‍നിന്ന് നല്‍കിയ ശേഷം ക്ളര്‍ക്കിന്‍െറ ശമ്പളത്തില്‍നിന്ന് ഈടാക്കാന്‍ ഹൈകോടതിക്കും ബന്ധപ്പെട്ട കോടതിക്കും എഴുതുമെന്നും ഉത്തരവില്‍ പറയുന്നു.  പേരൂര്‍ക്കട ഊളമ്പാറ ബിജുകോട്ടേജില്‍ ദിലികുമാറിന്‍െറ പരാതിയിലാണ് നടപടി. ബെഞ്ച് ക്ളര്‍ക്കിന്‍െറ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കമീഷന്‍ വിലയിരുത്തി. സമന്‍സും നോട്ടീസും എഴുതുന്നതുപോലെയല്ല, വാറന്‍റ് എഴുതേണ്ടത്. വാറന്‍റ് ജുഡീഷ്യല്‍ ഓഫിസര്‍ ഒപ്പിടേണ്ടതാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. തനിക്കുണ്ടായ വീഴ്ചയെക്കുറിച്ച് കോടതിയില്‍നിന്ന് അന്വേഷണം നടന്നുവരുകയാണെന്ന് ക്ളര്‍ക്ക് കമീഷനില്‍ ബോധിപ്പിച്ചു. എന്നാല്‍ അത് അച്ചടക്ക നടപടിയില്‍ ഒതുങ്ങുമെന്ന് കമീഷന്‍ നിരീക്ഷിച്ചു. പരാതിക്കാരന്‍െറ മാനസിക വിഷമത്തിന് പരിഹാരമാവില്ല. അപമാനത്തിനും പരിഹാരമാവില്ല.  2015 ആഗസ്റ്റ് ഒമ്പതിനാണ് ദിലികുമാറിനെ പേരൂര്‍ക്കട ജങ്ഷനില്‍നിന്ന് പേരൂര്‍ക്കട എസ്.ഐ അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.