ആശയഭിന്നതയുടെ പേരില്‍ ഇനി വിഘടിച്ചു നില്‍ക്കാനാവില്ല –മേധാ പട്കര്‍

തൃശൂര്‍: രാജ്യത്ത് ജാതീയതയും വര്‍ഗീയതയും പുതിയ രൂപത്തില്‍ തലപൊക്കുമ്പോള്‍ അതിനെതിരെ ചിന്തിക്കുന്നവര്‍ക്ക് ആശയപരമായ ഭിന്നതയുടെ പേരില്‍ വിഘടിച്ചു നില്‍ക്കാനാവില്ളെന്ന് സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. തൃശൂരില്‍ ഇ.എം.എസ് സ്മൃതി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജെ.എന്‍.യു സമരത്തില്‍ നമ്മള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. അദാനിമാരെയും അംബാനിമാരെയും പ്രവേശിപ്പിക്കില്ല എന്ന് ഇടതുപക്ഷം ഭരിക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം. അതിരപ്പിള്ളിയും വിഴിഞ്ഞവുംപോലുള്ള പദ്ധതികള്‍ വരുമ്പോള്‍ പാരിസ്ഥിതികാഘാത പഠനം നടത്താനെങ്കിലും കേരളം തയാറാവുന്നുണ്ട്, അത്രയും ആശ്വാസം. ജലം കൊള്ളയടിക്കപ്പെട്ട പ്ളാച്ചിമടയിലെ പാവങ്ങള്‍ക്ക് പട്ടികജാതി-വര്‍ഗ നിയമപ്രകാരം നീതി ലഭ്യമാക്കണമെന്നും മേധ ആവശ്യപ്പെട്ടു.
ഭരണഘടനയില്‍ നാം രാജ്യത്തെക്കുറിച്ച് പറയുന്ന ഓരോ വിശേഷണവും മോദിയുടെ ഭരണത്തില്‍ നിരര്‍ഥകമാവുകയാണെന്ന് കവി സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.  നമ്മുടെ തനത് ഉല്‍പാദനം തകര്‍ത്താണ് മേക് ഇന്‍ ഇന്ത്യ വരുന്നത്. പ്രധാന വെല്ലുവിളി നേരിടുന്നത് മതേതരത്വമാണെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്ക് വര്‍ഗീയതകൊണ്ട് ആവശ്യമില്ളെന്നും ഭരണത്തിലേറാനും നിലനിര്‍ത്താനും അതിനെ താലോലിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇ.എം.എസ് സ്മൃതി ദേശീയ സംവാദത്തില്‍ ‘വര്‍ഗീയത പ്രതിരോധം: പുതുവഴികളിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
മതമായും ജാതിയായും ഉപജാതിയായും ഭിന്നിച്ചുനില്‍ക്കുന്നവര്‍ ഏകാവശ്യത്തിനായി ഒരുമിച്ചതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം. അത്തരത്തില്‍ ഏകീകരണം ഇന്നുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന് ഭരണത്തിലേറാന്‍ തടസ്സമാവും. ജാതിബോധം നിലനിര്‍ത്തപ്പെടേണ്ടത് അവരുടെ ആവശ്യമാണ്. വര്‍ഗീയതയെക്കുറിച്ചുള്ള ബോധം രൂഢമൂലമാകുന്ന ഇടങ്ങളില്‍ ഐക്യബോധത്തിന് ഇടമുണ്ടാവില്ല. അതാണ് കമ്യൂണിസ്റ്റുകള്‍ രാഷ്ട്രീയമായി പരിഹാരം കാണേണ്ട പ്രധാന വെല്ലുവിളിയെന്ന് സുഭാഷിണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.