നാളെണ്ണിക്കഴിയുന്നു നാളികേരം

കേരം തിങ്ങും കേരളനാടിന് ധനസമൃദ്ധിയുടെ  ചരിത്രമുണ്ടായിരുന്നു. തെങ്ങ് ചതിക്കില്ളെന്നത് വെറും പഴമൊഴിയല്ലായിരുന്നു അന്ന്. തെങ്ങിന്‍െറ എണ്ണംനോക്കി സാമൂഹികനിവാരം അളന്നിരുന്ന കാലം. കമ്പോളത്തില്‍ തേങ്ങക്ക് വിലയേറിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കാളും നാളികേരകര്‍ഷകര്‍ക്ക് വിവാഹകമ്പോളത്തിലും വിലയേറിയിരുന്നു.

തേങ്ങ പറിച്ച് വെയിലത്തും കൊപ്രച്ചേവുകളിലും ഉണക്കി കൊപ്രയാക്കി പാണ്ടികശാലകളില്‍ വില്‍ക്കുന്ന കാലം. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്ന സുവര്‍ണകാലം. കാലത്തിന്‍െറ കുത്തൊഴുക്കില്‍ തേങ്ങ ആര്‍ക്കും വേണ്ടാത്ത കാഴ്ചവസ്തുവായി. വിലക്കുറവിനൊപ്പം തെങ്ങിനെ ബാധികുന്ന രോഗങ്ങളും ഈ മേഖലയെ തളര്‍ത്തി. ഒരു തേങ്ങക്ക് ഒരു മത്തിപോലും കിട്ടാതെ നാളികേര കര്‍ഷകന്‍ നെടുവീര്‍പ്പിടുകയാണ്.  കൊപ്രസംഭരണം ഓര്‍മകളില്‍ മാത്രമായപ്പോള്‍ പച്ചത്തേങ്ങ സംഭരണം കൃത്യമായി നടക്കാതെയുമായി. വെളിച്ചെണ്ണക്ക് പകരം മറ്റ് ഭക്ഷ്യഎണ്ണകള്‍ അടുക്കളയില്‍ സ്ഥാനംപിടിച്ചതോടെ കര്‍ഷകന്‍െറ കണ്ണീര്‍വീഴുകയാണ് നാളികേരത്തിന്‍െറ നാട്ടില്‍.

‘1960കളില്‍ 500 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില. തേങ്ങക്ക് വില ഏകദേശം ഒരുരൂപ. കര്‍ഷകത്തൊഴിലാളിക്ക് കൂലി രണ്ടരരൂപ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 20,000 രൂപക്ക് മുകളില്‍. കൂലി 500 മുതല്‍ 750 വരെ. തേങ്ങ വില എട്ടുരൂപ. പിന്നെയെങ്ങനെയാ തേങ്ങാ കര്‍ഷകന്‍ രക്ഷപ്പെടുക. ആരുണ്ടിവിടെ ഇതൊക്കെ പറയാനും കാണാനും. പുതിയ തലമുറയൊന്നും ഈ മേഖലയിലില്ല. എല്ലാവരും മണ്ണിനെ മറന്നു’ -കുറ്റ്യാടിയിലെ സൂപ്പി ഹാജിയുടെ സങ്കടങ്ങള്‍ ഇങ്ങനെ. തേങ്ങയായിരുന്നു ജീവനും ജീവിതവും. ഇതൊരു ഒറ്റപ്പെട്ട കഥയല്ല.

തെരഞ്ഞെടുപ്പ് വേളയിലെ ചര്‍ച്ചകളില്‍ മാത്രം നാളികേരത്തെ രാഷ്ട്രീയ കക്ഷികള്‍ ഒതുക്കി. സംസ്ഥാനത്തൊട്ടാകെയും പ്രത്യേകിച്ച് മലബാറിലും വ്യാപിച്ചുകിടന്ന ഈ വിളക്കുവേണ്ടി ജനശ്രദ്ധയാകര്‍ഷിച്ച സമരപന്തലുകള്‍ ഒരിടത്തും ഉയര്‍ന്നില്ല. മലബാറിലെ നാളികേര കര്‍ഷകര്‍ പരസ്പരം പറയുന്നതുപോലെ നാളികേരത്തിനു വേണ്ടി പറയാന്‍ ഇവിടെയൊരു ‘കേരള കോണ്‍ഗ്രസില്ല.’ റബറിന്‍െറ വിലയിടിവ് സൃഷ്ടിക്കുന്ന ചലനങ്ങള്‍ എത്രമാത്രം ശക്തമാണെന്ന് നമുക്കറിയാം. അതിലേറെ ജനത ആശ്രയിച്ച നാളികേര കര്‍ഷകരെ വാഗ്ദാനങ്ങളില്‍ മുക്കി വായടക്കുകയായിരുന്നു സര്‍ക്കാറും മുന്നണികളും.

പേരില്‍ മാത്രം കേരളം

നാളികേര ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ തമിഴ്നാടിനും കര്‍ണാടകത്തിനും പിന്നിലാണെന്ന് കണക്കുകള്‍ പറയുന്നു. വേണ്ട ഇടപെടലുകള്‍ നടത്തിയില്ളെങ്കില്‍ വീണ്ടും കുറയും. എട്ടുലക്ഷം ഹെക്ടറോളം സ്ഥലത്ത് കൃഷിയുള്ള കേരളത്തില്‍ 5798.04 ദശലക്ഷം നാളികേരം ഉല്‍പാദിപ്പിക്കാനേ കഴിയുന്നുള്ളൂ. എന്നാല്‍, 4.65 ലക്ഷം ഹെക്ടറില്‍നിന്ന് തമിഴ്നാട് 6917.25 ദശലക്ഷം തേങ്ങ ഉല്‍പാദിപ്പിക്കുന്നു.

 5.13 ലക്ഷം ഹെക്ടര്‍ കൃഷിയിടത്തില്‍നിന്ന് കര്‍ണാടകം 6058.86 ലക്ഷം നാളികേരമാണ് വിളവെടുക്കുന്നത്. കേരള ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സിന്‍െറ കണക്കുപ്രകാരം കേരളത്തില്‍ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലം വര്‍ഷം കഴിയുന്തോറും ഗണ്യമായി കുറയുന്നതുകാണാം. ഇതിനുള്ള പ്രധാനകാരണം വരുമാനമില്ലായ്മതന്നെയാണ്. ഒരു തെങ്ങില്‍നിന്ന് ആകെക്കിട്ടുന്ന തേങ്ങ വിറ്റാല്‍ കൂലി കൊടുക്കാന്‍പോലും കഴിയില്ളെന്നതാണ് യാഥാര്‍ത്ഥ്യം. കോഴിക്കോട് ജില്ലയില്‍ മാത്രം കഴിഞ 10 വര്‍ഷത്തിനിടെ ലാഭകരമല്ലാത്തതിന്‍െറ പേരില്‍ ആയിരക്കണക്കിന് തെങ്ങുകളാണ് വെട്ടിമാറ്റിയത്.

പ്രതാപകാലത്തിന്‍െറ കഥയാണ് മലബാറിലെ തുറമുഖങ്ങള്‍ക്ക് പറയാനുള്ളത്. മൂന്നുനൂറ്റാണ്ടുമുമ്പ് മലബാറിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു വടകര.
വിശാലമായ കടല്‍ക്കരയില്‍ സ്ഥിതിചെയ്യുന്ന വടകര തിരക്കുപിടിച്ച വ്യാപാര കേന്ദ്രമായാണ് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നത്. ‘കോഫിയും കൊപ്രയും പച്ചത്തേങ്ങയുമാണ് പ്രധാന കയറ്റുമതി. പ്രതിവര്‍ഷം ശരാശരി 2,02,735 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാന വിപണികേന്ദ്രമായതിനാല്‍ മറ്റുജില്ലകളില്‍നിന്ന് കുരുമുളകും മറ്റും വടകരയിലാണ് കൊണ്ടുവന്നത്. കൊപ്രകച്ചവടത്തിന് മാത്രം 22-പാണ്ടികശാലകള്‍ അക്കാലത്തുണ്ടായിരുന്നു. മൂരിവണ്ടികളിലായിരുന്നു പ്രധാനമായും  ചരക്കുനീക്കം. രണ്ടുലക്ഷത്തോളം കൊട്ടത്തേങ്ങയെങ്കിലും ദിനംപ്രതി എത്തിയിരുന്നു.
കൊപ്ര, കൊട്ടത്തേങ്ങ, മലഞ്ചരക്കുല്‍പന്നങ്ങള്‍, ചൂരല്‍, പുല്‍ത്തൈലം എന്നിവ വടകരയില്‍നിന്നു കയറ്റി അയക്കുമ്പോള്‍ മറ്റവശ്യവസ്തുക്കള്‍ കപ്പലില്‍ തിരികെയത്തെി. മുംബൈ, കറാച്ചി, ശ്രീലങ്ക, ബര്‍മ എന്നിവിടങ്ങളിലേക്കെല്ലാം വടകരയില്‍നിന്ന് കാര്‍ഷിക വിളകള്‍ കൊണ്ടുപോയിരുന്നു. കച്ചവടം ലക്ഷ്യമിട്ട് നിരവധി ഇതര സംസ്ഥാനക്കാര്‍ വടകരയിലത്തെി. ഇതില്‍ പ്രധാനം ഗുജറാത്തികളായിരുന്നു.

സീസണില്‍ ദിനംപ്രതി മൂന്നുകപ്പലെങ്കിലും വടകര തുറമുഖത്തുണ്ടായിരുന്നു. കയറ്റിയയക്കാന്‍ ആയിരക്കണക്കിന് ചാക്ക് കൊപ്ര കടലോരത്ത് അട്ടിയിട്ടിരിക്കും. ഇത് ഏറെ സന്തോഷം തരുന്ന കാഴ്ചയായിരുന്നെന്ന് ഗുജറാത്തിയും കൊപ്രവ്യാപാരിയുമായ പി.എല്‍. സോണി പറയുന്നു. വടകര-താഴെ അങ്ങാടിയില്‍ കൊപ്രവ്യാപാരത്തെ ആശ്രയിച്ചുകഴിയുന്ന പത്തിലേറെ ഗുജറാത്തി കുടുംബങ്ങളിപ്പോഴുമുണ്ട്. വടകരയിലത്തെിയ ഗുജറാത്തികള്‍ക്ക് 150 വര്‍ഷത്തെ ചരിത്രമുണ്ടെന്ന് സോണി പറഞ്ഞു. ഇദ്ദേഹത്തിന്‍െറ മുത്തച്ഛന്‍ ഏയ്ത്മന്‍ വടകരയില്‍ കപ്പല്‍ ഏജന്‍റായിരുന്നു.
കേരളത്തിലെ ഗുജറാത്തികളായിരുന്നു അറബികളുമായുള്ള വ്യാപാരബന്ധത്തിന് തുടക്കമിട്ടത്.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.