മലപ്പുറം: ജീവന്‍ നിലനിര്‍ത്താനായി നടന്ന വൃക്കദാനവുമായി ബന്ധപ്പെട്ട് വര്‍ഗീയ മുതലെടുപ്പ് നടത്തുന്നതില്‍ സങ്കടപ്പെട്ട് പട്ടാമ്പി വിളയൂര്‍ സ്വദേശി ശാഫി നവാസ്. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് സ്വദേശി ലേഖ എം. നമ്പൂതിരിയില്‍നിന്ന് ശാഫി നവാസിന് വൃക്ക ലഭിച്ചത് 2012 നവംബര്‍ 15നാണ്. ജീവന്‍െറ തുടിപ്പിന് കടപ്പെട്ട ലേഖയുമായി നല്ല സൗഹൃദം മാത്രമാണ് ശാഫിക്കുള്ളതത്രെ. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഇത് വിവാദമാക്കുകയും വര്‍ഗീയ മുതലെടുപ്പിനുവേണ്ടി ചിലര്‍ വിഷയം ഉപയോഗിക്കുകയും ചെയ്യുന്നത് വേദനിപ്പിക്കുന്നതായി ശാഫി ‘മാധ്യമ’ത്തോട് പറഞ്ഞു.
2006ലാണ് ശാഫിക്ക് രോഗം ബാധിക്കുന്നത്. ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവെക്കണമെന്ന് വിധിയെഴുതിയതിനാല്‍ 2008 മുതല്‍ ഇതിനായുള്ള അന്വേഷണത്തിലായിരുന്നു. ഇതിനായി കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിയ സമയത്താണ് സുഹൃത്ത് മുഖേന ലേഖയുമായി ബന്ധപ്പെടുന്നത്. ആവശ്യമായ ടെസ്റ്റുകളെല്ലാം നടത്തിയെങ്കിലും കുടുംബത്തിന് പുറത്തുള്ളവരുടെ വൃക്കയായതിനാല്‍ ശസ്ത്രക്രിയ നടത്താനാകില്ളെന്ന് പറഞ്ഞ് കോയമ്പത്തൂരിലെ ആശുപത്രിയില്‍നിന്ന് മടക്കി. ബംഗളൂരുവിലും മംഗളൂരുവിലും ഇതേ അനുഭവമായിരുന്നു. പിന്നീട് 2011ല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും തൊട്ടടുത്ത വര്‍ഷം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതിനുശേഷം ലേഖ നമ്പൂതിരിയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചു. പല സന്ദര്‍ഭങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്കായി എട്ടു ലക്ഷം രൂപയോളം ലേഖക്ക് നല്‍കിയിട്ടുണ്ടെന്ന് ശാഫി നവാസ് പറഞ്ഞു. 2013ല്‍ ശസ്ത്രക്രിയ നടന്നതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ലേഖയുടെ കുടുംബവുമൊത്ത് ഒത്തുകൂടുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു.
പിന്നീട് ചില പത്രങ്ങളില്‍ വൃക്കദാനം പ്രസിദ്ധപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഒരു പത്രത്തില്‍ എഴുതിയപോലെ ലേഖയുടെ വൃക്ക സ്വീകരിച്ചതിനെ ഒരിക്കലും താന്‍ തള്ളിപ്പറയുകയോ പരിഭവപ്പെടുകയോ ചെയ്തിട്ടില്ല. തനിക്ക് അവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ചികിത്സക്കായി ഇതുവരെ 60 ലക്ഷത്തോളം രൂപ തനിക്ക് ചെലവായിട്ടുണ്ട്. വ്യക്തിപരമായി സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കിലും കൂട്ടുകാരുമായി ബന്ധപ്പെട്ട് അവരുടെ ചികിത്സക്കായി ഇനിയും സഹായിക്കാന്‍ തയാറാണ്. ചികിത്സയിലുള്ള അവരെ കാണണമെന്നും ആഗ്രഹമുണ്ട്. താന്‍ ഇതുവരെ ഇതുസംബന്ധിച്ച വിവാദങ്ങളിലൊന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇതിനെയൊരു വര്‍ഗീയവിഷയമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തുമ്പോള്‍ മൗനിയാകാനാവില്ല -ശാഫി നവാസ് കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയക്കുശേഷം സന്തോഷം പങ്കുവെച്ച് ലേഖ നമ്പൂതിരി
കോഴിക്കോട്: ‘ഇനി വേദനയില്ലാതെ നടക്കാം, അതുകൊണ്ട് താന്‍ ഏറെ സന്തോഷവതിയാണ്’ എന്നായിരുന്നു ശസ്ത്രക്രിയ കഴിഞ്ഞ ലേഖ നമ്പൂതിരിയുടെ (31) വാക്കുകള്‍. കഴിഞ്ഞ ജൂണ്‍ 10നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ലേഖയുടെ ഡിസ്ക്കിന്‍െറ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍മാരില്‍നിന്നും ജീവനക്കാരില്‍നിന്നും ലഭിച്ച പരിചരണത്തിനും പിന്തുണക്കും ഏറെ നന്ദിയുണ്ട്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സജിയുടെ ഉദാരമായ പിന്തുണക്കും നന്ദിയുണ്ട്. സജിയെ ഉടന്‍ നേരില്‍ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സക്ക് സാമ്പത്തിക സഹായം നല്‍കിയ മമ്മൂട്ടിയെയും കാണാന്‍ ആഗ്രഹമുണ്ടെന്നും ലേഖ നമ്പൂതിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.