ദേശീയപാത വീതികൂട്ടല്‍: എത്ര പേരെ കുടിയിറക്കുമെന്ന് ധാരണയില്ല

കൊച്ചി: ദേശീയപാത 45 മീറ്റര്‍ വീതിയില്‍തന്നെ വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ധിറുതിപിടിച്ച നീക്കം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് സൂചന. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് കുടിയിറക്കിനെതിരെ ഇരകള്‍ക്കൊപ്പം നിന്ന ഇടതുമുന്നണി അധികാരത്തിലേറിയതോടെ ഇരകള്‍ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. സംസ്ഥാനത്ത് 600 കിലോമീറ്റര്‍ നീളത്തില്‍ 45 മീറ്റര്‍ വീതിയിലുള്ള ദേശീയപാത വേണമെന്ന് സംസ്ഥാന സര്‍ക്കാറും നിലപാടെടുത്തതോടെ കുടിയിറക്ക് ഭീഷണിയിലുള്ളവര്‍ ആശങ്കയുടെ മുള്‍മുനയിലാണ്.

ദേശീയപാത വീതികൂട്ടല്‍ കാരണം എത്രപേര്‍ കുടിയിറക്കപ്പെടുമെന്നതും എത്രപേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നതും സംബന്ധിച്ച് അധികൃതര്‍ക്ക് കൃത്യമായ ധാരണയില്ല. ഇടപ്പള്ളിമുതല്‍ കുറ്റിപ്പുറംവരെ 121 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത വീതികൂട്ടാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ ആദ്യം വിശദീകരിച്ചത് 5000 കുടുംബങ്ങളാണ് കുടിയൊഴിയേണ്ടിവരുക എന്നാണ്. എന്നാല്‍, ഇതിനെ സമരസമിതി കണക്കുകള്‍ നിരത്തി ഖണ്ഡിച്ചതോടെ പിന്നീട് വന്ന ചെയര്‍മാന്‍ 18000 പേര്‍ കുടിയൊഴിയേണ്ടിവരും എന്നതിലേക്ക് നിലപാട് മറ്റി.

സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തോളം പേരെ ബാധിക്കുമെന്നായിരുന്നു 2011ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നല്‍കിയ വിശദീകരണം. 600 കിലോമീറ്റലിധികം വീതികൂട്ടേണ്ടിവരുമ്പോള്‍ രണ്ടുലക്ഷത്തിലധികം കുടുംബങ്ങളെ ബാധിക്കുമെന്ന് സമരസംഘടനകള്‍ പറയുന്നു. ഇരുവശവുമുള്ളവരെ കുടിയിറക്കി ദേശീയപാത വീതികൂട്ടുന്നതിനെതിരെ വ്യാപക എതിര്‍പ്പ് വന്നതിനെ ത്തുടര്‍ന്ന് വിശദ പഠനത്തിന് കഴിഞ്ഞ ജനുവരിയില്‍  കേന്ദ്ര ഹൈവേ മന്ത്രാലയം നടപടി ആരംഭിക്കുകയും സാധ്യതാപഠനം നടത്താന്‍ താല്‍പര്യപത്രം ക്ഷണിക്കുകയും ചെയ്തിരുന്നു. നാല് കമ്പനികള്‍ അപേക്ഷിച്ചതില്‍ രണ്ടെണ്ണത്തെ പ്രാഥമികമായി തെരഞ്ഞെടുത്തു. വടക്കന്‍ മേഖലയിലെ സാധ്യതാപഠന നടപടി ആരംഭിച്ചിട്ടുമുണ്ട്.

വിശദ പദ്ധതി റിപ്പോര്‍ട്ട്, സാധ്യതാപഠനം  എന്നിവ ആറുമാസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും വേണം.  ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനിടയില്ളെന്നാണ് ഇരകളുടെ പ്രതീക്ഷ. അതിനിടെയാണ് ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാറിന്‍െറ തിടുക്കത്തിലുള്ള നടപടി. ഭൂമി ഏറ്റെടുക്കുന്നതോടെ  തടയലും തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുക്കും. മാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം പലരെയും ആത്മഹത്യകളിലേക്കും നയിക്കും. ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഇതുവരെ ഏഴോളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.