മുല്ലപ്പെരിയാര്‍ തര്‍ക്കം: സഹായിക്കുമെന്ന് കേന്ദ്രമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഈ വിഷയം കേന്ദ്രം പഠിക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ വര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന വികസനത്തില്‍ അടക്കം കേരളത്തിന് മുഖ്യപരിഗണന നല്‍കുന്നുണ്ട്. റെയില്‍വേ വികസനത്തിനും അര്‍ഹിക്കുന്ന പരിഗണന സംസ്ഥാനത്തിന് ലഭിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി തുക ബജറ്റില്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ വികസനത്തിന് കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാറാണ് ഇനി നടപടികള്‍ കൈക്കൊള്ളേണ്ടതെന്നും കേരളത്തിലെ സബര്‍ബന്‍ ഗതാഗത പ്രശ്നങ്ങളുടെ പരിഹാരത്തിന് പിന്തുണ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍  തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കാന്‍ സുസ്ഥിര ഊര്‍ജനയം നടപ്പാക്കുമെന്നും പാരമ്പര്യതേര ഊര്‍ജം പരമാവധി പ്രയോജനപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ജലനിരപ്പ് 152 അടിയാക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്നാട് ഗവര്‍ണര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമം തുടരുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. വ്യാഴാഴ്ച തമിഴ്നാട് നിയമസഭയില്‍ ഗവര്‍ണര്‍ ഡോ. കെ. റോസയ്യയുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയത് ജയലളിത സര്‍ക്കാറിന്‍െറ നേട്ടമാണ്. തെക്കന്‍ തമിഴക ജില്ലകളിലെ കര്‍ഷകരുടെ ക്ഷേമത്തിന് നടപടി സ്വീകരിക്കും. കാവേരി നദീജല ട്രൈബ്യൂണലിന്‍െറ വിധി പൂര്‍ണമായി നടപ്പാക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കും. അഞ്ച് വര്‍ഷത്തിനിടെ പുതിയ പദ്ധതികളിലൂടെ 16,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പാദിപ്പിക്കും. ജെല്ലിക്കെട്ട് നിരോധം നീക്കാന്‍ നടപടി കൈക്കൊള്ളുമെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ ഉറപ്പ് നല്‍കുന്നു. ഗവര്‍ണറുടെ പ്രസംഗത്തില്‍ പുതിയ നയപ്രഖ്യാപനങ്ങളില്ളെന്ന് കരുണാനിധി, സ്റ്റാലിന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയെ ആശങ്ക അറിയിക്കണമെന്ന് സമര സമിതി

കട്ടപ്പന: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന തമിഴ്നാടിന്‍െറ ആവശ്യത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആശങ്കയറിയിക്കണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  ജയലളിതയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം.  25ന് വൈകീട്ട് നാലിന് ഉപ്പുതറയില്‍ വിപുല കണ്‍വെന്‍ഷന്‍ വിളിക്കും. എം.പി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രക്ഷോഭം ശക്തമാക്കുന്നതടക്കം തുടര്‍പ്രവര്‍ത്തനങ്ങള്‍ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.