ബംഗാള്‍ പരീക്ഷണം നയവ്യതിയാനം –പി.ബി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ബന്ധം പാര്‍ട്ടി നയങ്ങളില്‍നിന്നുള്ള വ്യതിയാനമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തി. ബംഗാള്‍ സംസ്ഥാന ഘടകം തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ വിശദമായി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു.

വി.എസ്. അച്യുതാനന്ദന്‍െറ പദവി സംബന്ധിച്ച ചര്‍ച്ചകള്‍ വെള്ളിയാഴ്ച നടന്ന പി.ബി യോഗത്തില്‍ ഉണ്ടായില്ല. എന്നാല്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ വി.എസുമായി സംഭാഷണം നടത്തും. ശനിയാഴ്ച ആരംഭിക്കുന്ന മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അനൗപചാരിക ചര്‍ച്ചയും നടക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ വി.എസ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.വി.എസിന്‍െറ പദവിക്കു പുറമെ, അദ്ദേഹത്തിനെതിരെ ഒൗദ്യോഗികപക്ഷം നല്‍കിയ പരാതി പരിഗണിക്കുന്ന പി.ബി കമീഷന്‍െറ നടപടി അവസാനിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്താന്‍ പാകത്തില്‍ നടപടി അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ മുന്നോട്ടുവെച്ചേക്കും.

പദവിക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനം നീണ്ടുപോകുന്നതിനിടെയാണ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ് പങ്കെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായി ഡല്‍ഹിയിലത്തെിയ അദ്ദേഹം, മാധ്യമപ്രവര്‍ത്തകരോട് പദവി പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി പരിശോധിക്കുമെന്നും ഉചിത സമയത്ത് മാധ്യമങ്ങളെ അറിയിക്കുമെന്നുമാണ് വി.എസ് പറഞ്ഞത്. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച ഗൗരവമായി കാണണമെന്ന് പി.ബി വിലയിരുത്തി. ബി.ജെ.പിയുടെ വളര്‍ച്ച പ്രതിരോധിക്കുന്നവിധം പാര്‍ട്ടി തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസിലെ പൊതുനിലപാടിന് അനുസൃതമായ ധാരണയാണ് ബംഗാളില്‍ രൂപപ്പെടുത്തിയതെന്നും അത് വിജയിച്ചുവെന്നുമാണ് ബംഗാള്‍ ഘടകത്തിന്‍െറ റിപ്പോര്‍ട്ട്. ഇത് കേന്ദ്ര കമ്മിറ്റി അംഗീകരിക്കാന്‍ സാധ്യത കുറവാണ്. നിലപാടില്‍നിന്ന് മാറാന്‍  ബംഗാള്‍ ഘടകം തയാറുമല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.