കൊല്ലം കലക്ടറേറ്റ് വളപ്പിലെ സ്ഫോടനം; ജില്ലാ ഭരണകൂടത്തിന്‍െറ വീഴ്ച ഉയര്‍ത്തിക്കാട്ടി പൊലീസ്്

കൊല്ലം: കലക്ടറേറ്റില്‍ ബോംബ് സ്ഫോടനം നടന്ന് മൂന്നുദിവസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ വ്യക്തമായ പുരോഗതി കൈവരിക്കാന്‍ പൊലീസിനായില്ല.
അതേസമയം, ജില്ലാ ഭരണകൂടത്തിന്‍െറ വീഴ്ച ഉയര്‍ത്തിക്കാട്ടുന്ന സമീപനമാണ് പൊലീസിന്‍േറതെന്ന് ആക്ഷേപമുണ്ട്. കലക്ടറേറ്റ് വളപ്പിലെ സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് കേസന്വേഷണത്തിന് പ്രതിബന്ധമായെന്ന നിലപാടാണ് പൊലീസിന്.

നേരത്തേ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ പൊലീസ് പ്രതിക്കൂട്ടിലായിരുന്നു. കലക്ടറുടെ നിരോധ ഉത്തരവ് മറികടന്നാണ് പൊലീസ് സാന്നിധ്യത്തില്‍ വെടിക്കെട്ട് നടന്നത്. ജില്ലാ ഭരണകൂടവും പൊലീസും രണ്ട് തട്ടിലാണെന്ന പ്രചാരണം അന്ന് ഉയര്‍ന്നിരുന്നു.
കലക്ടറേറ്റില്‍ സ്ഫോടനത്തിന് മുമ്പും ശേഷവും പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നെന്ന് പറയപ്പെടുന്നു. ബുധനാഴ്ച രാവിലെ സ്ഫോടനത്തിനു മുമ്പ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കലക്ടറേറ്റില്‍ എത്തിയിരുന്നു.

അതേസമയം, അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥനും മറ്റൊരാവശ്യവുമായി ഇവിടെയുണ്ടായിരുന്നു. സ്ഫോടനം നടന്നയുടന്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത് ഈ ഉദ്യോഗസ്ഥനായിരുന്നു. തൊട്ടുപിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് കലക്ടറേറ്റില്‍ പൊട്ടിത്തെറിയുണ്ടായി എന്ന വിവരം നല്‍കി. ഫയര്‍ഫോഴ്സിന് വിവരം നല്‍കിയത് അവിടെയുണ്ടായിരുന്ന സേന ഉദ്യോഗസ്ഥനായിരുന്നു.

സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു എന്നാണ് വിളിച്ചറിയിച്ചത്. മിനിറ്റുകള്‍ക്കകം സിറ്റി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പാഞ്ഞത്തെി. സാധാരണ മോക്ഡ്രില്‍ നടക്കുന്ന സമയത്താണ് ഇത്തരത്തില്‍ പൊലീസ് സജ്ജീകരണമുണ്ടാവുക. സ്ഫോടനം പൊലീസിന്‍െറ മോക്ഡ്രില്ലിന്‍െറ ഭാഗമായി നടന്നതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. സിറ്റി പൊലീസ് ഉദ്യോഗസ്ഥരടക്കം ആദ്യം നല്‍കിയ വിവരം ആളപായമുണ്ടാക്കുന്ന ബോംബല്ല പൊട്ടിയതെന്നാണ്. സ്ഫോടനത്തിന്‍െറ ശക്തിയില്‍ കല്ലുപോലുള്ള വസ്തു ശക്തമായി വന്നടിച്ചാണത്രെ തലക്ക് പരിക്കേറ്റത്. മോക്ഡ്രില്ലിന്‍െറ ഭാഗമായി ഓപറേഷന്‍ നടത്തിയാല്‍ ആളപായമുണ്ടാകാന്‍ പാടില്ല. സംഭവത്തെതുടര്‍ന്ന് തീവ്രനിലപാടുള്ള സംഘടനകളില്‍പെട്ടവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.