പിലിക്കോട് ബാങ്ക് മുക്കുപണ്ട പണയ തട്ടിപ്പ്: മാനേജറും അപ്രൈസറും റിമാന്‍ഡില്‍

ചെറുവത്തൂര്‍ (കാസര്‍കോട്): പിലിക്കോട് സര്‍വിസ് സഹകരണ ബാങ്കിന്‍െറ കാലിക്കടവ് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ കണ്ണികള്‍. സംഭവത്തില്‍ അറസ്റ്റിലായ മാനേജര്‍ എം.വി. ശരത്ചന്ദ്രന്‍, അപ്രൈസര്‍ പി.വി. കുഞ്ഞിരാമന്‍ എന്നിവരെ നീലേശ്വരം സി.ഐ ധനഞ്ജയബാബുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി  ഇവരെ  റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച കൂടുതല്‍ അന്വേഷണത്തിനായി ഇവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കാലിക്കടവ് ശാഖയില്‍ 77.56 ലക്ഷം രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നത്. 1452 സ്വര്‍ണ പണയ ഇടപാടുകളില്‍ 56 എണ്ണത്തിലാണ് തട്ടിപ്പ് നടന്നത്. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ സജീവ് കാര്‍ത്തയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

രണ്ട് ദിവസം നീണ്ട പരിശോധനയെ തുടര്‍ന്നാണ് മുട്ടത്തൊടി ബാങ്ക് തട്ടിപ്പിനുശേഷമുള്ള ജില്ലയിലെ രണ്ടാമത്തെ ഏറ്റവും വലിയ തട്ടിപ്പ് കണ്ടത്തെിയത്.
മുക്കുപണ്ടം പണയംവെച്ച 25 ആളുകളാണുള്ളത്. ഇവരില്‍ ഭൂരിഭാഗത്തിനും സംഭവവുമായി ബന്ധമുണ്ടെന്ന് മാനേജര്‍ സമ്മതിച്ചെന്ന് സി.ഐ പറഞ്ഞു.
പണയം വെക്കുന്നവര്‍ക്കും മാനേജര്‍ക്കും, ലഭിക്കുന്ന തുക തുല്യമായി വീതിക്കുകയാണത്രെ പതിവ്. ഒരാള്‍തന്നെ ഒന്നിലധികം ഇടപാടുകള്‍ നടത്തിയതായി പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍, ചിലരെ മാനേജര്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ട് പണ്ടം പണയപ്പെടുത്തിയെന്നും മനസ്സിലായി.സംഭവവുമായി ബന്ധപ്പെട്ട് മുക്കുപണ്ടം പണയംവെച്ചവരെ തിങ്കളാഴ്ച മുതല്‍ സി.ഐ ചോദ്യം ചെയ്യും. ബാങ്ക് അപ്രൈസര്‍ക്ക് സംഭവവുമായി ബന്ധമില്ളെന്ന് മാനേജര്‍ ശരത്ചന്ദ്രന്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു. ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നാണ് പിലിക്കോട് സര്‍വിസ് സഹകരണ ബാങ്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.