തലശ്ശേരി: കണ്ണൂരില്‍ ദലിത് സ്ത്രീകളെ ജയിലിലടച്ചത് സംബന്ധിച്ച് പൊലീസിനോട് ചോദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് അപഹാസ്യമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രി? എന്തിനാണൊരു ആഭ്യന്തര മന്ത്രി, പൊലീസ് ഭരിച്ചാല്‍ പോരെ? സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒന്നാണിത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഞെട്ടിച്ചു, സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്‍റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ അതിക്രമങ്ങള്‍ക്ക് പൊലീസിന്‍റെ ഒത്താശയെ ന്യായീകരിക്കുന്ന സമീപനമാണ് സി.പി.എമ്മും പിണറായി വിജയനും നടത്തുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
യുവതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ലെന്ന പ്രചരണം തെറ്റാണ്. മജിസ്ട്രേറ്റ് അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ല എന്നതാണ്. ഈ നടപടി ദുരൂഹമാണ്. നീതി പീഠത്തില്‍ നിന്നും പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്നും തലശ്ശേരി മജിസ്ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.