അപകീര്‍ത്തി കേസ്: ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. അജികുമാര്‍ മുമ്പാകെയാണ് ഉമ്മന്‍ ചാണ്ടി ഇന്നലെ രാവിലെ മൊഴി നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മന്ത്രി കെ.ബാബു, ഡൊമിനിക് പ്രസന്‍േറഷന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ടോണി ചമ്മിണി, കെ.എം.ഐ.മത്തേര്‍ എന്നിവര്‍ക്കൊപ്പമാണ് കോടതിയില്‍ എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, സീനിയര്‍ സബ് എഡിറ്റര്‍ വിനു വി.ജോണ്‍, കൈരളി ടി.വി ചീഫ് ന്യൂസ് എഡിറ്റര്‍ മനോജ് കെ.വര്‍മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍, സരിത എസ്.നായര്‍ എന്നിവരെ ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളാക്കിയാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ്  നല്‍കിയിട്ടുള്ളത്.
അതിനിടെ, കൈരളി ടി.വിയിലെ ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്‍ എന്നിവരെ കൂടി എതിര്‍കക്ഷികളാക്കണമെന്നാവശ്യപ്പെട്ട് പുതിയ അപേക്ഷയും ഉമ്മന്‍ ചാണ്ടി നല്‍കി. ഇത് കോടതി പിന്നീട് പരിഗണിക്കും.
പ്രതികള്‍ ഗൂഢാലോചന നടത്തി പൊതുജനമധ്യത്തില്‍ തന്നെ ഇകഴ്ത്തികാണിക്കാന്‍ തക്ക രീതിയിലുള്ള കത്ത് പ്രസിദ്ധപ്പെടുത്തുക വഴി തനിക്കും കുടുംബത്തിനും മറ്റ് ബന്ധുക്കള്‍ക്കും അങ്ങേയറ്റം മാനഹാനിയുണ്ടായെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.