തിരുവനന്തപുരം: പ്രവേശ മാനദണ്ഡത്തില്‍ സ്വാശ്രയ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നിലപാട് കടുപ്പിച്ചതോടെ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശത്തില്‍ പ്രതിസന്ധി രൂക്ഷമായി. മാനേജ്മെന്‍റ് സീറ്റിലെ പ്രവേശ മാനദണ്ഡം സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കൊച്ചിയില്‍ നടന്ന അസോസിയേഷന്‍ യോഗം തള്ളിയതോടെയാണ് കുരുക്ക് മുറുകിയത്. മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രവേശ പരീക്ഷയുടെ സമീകരണ പ്രക്രിയക്ക് മുമ്പുള്ള (പ്രീ-നോര്‍മലൈസേഷന്‍) പട്ടികയില്‍നിന്ന് പ്രവേശം അനുവദിക്കണമെന്നായിരുന്നു മാനേജ്മെന്‍റുകളുടെ ആവശ്യം. എന്നാല്‍, നോര്‍മലൈസേഷനുശേഷം തയാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്ന് മാത്രമേ പ്രവേശം അനുവദിക്കാനാവൂ എന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് പ്രതിസന്ധി വന്നത്. ഇതോടെയാണ് കൊച്ചിയില്‍ അസോസിയേഷന്‍ യോഗം വിളിച്ചതും നിലപാടില്‍നിന്ന് പിറകോട്ട് പോകേണ്ടതില്ളെന്നും തീരുമാനിച്ചത്. പ്രീ-നോര്‍മലൈസേഷന്‍ പട്ടികയില്‍നിന്ന് പ്രവേശം അനുവദിക്കുന്നില്ളെങ്കില്‍ പ്ളസ് ടു മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്താന്‍ അനുമതി വേണമെന്ന നിര്‍ദേശവും മാനേജ്മെന്‍റ് അസോസിയേഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ ആവശ്യവും അംഗീകരിക്കാനുള്ള സാധ്യത വിരളമാണ്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രവേശത്തിന് പരീക്ഷ വേണമെന്ന സുപ്രീംകോടതി വിധിയും ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശവും ഉയര്‍ത്തിയാണ് മാനേജ്മെന്‍റുകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയത്. പ്രവേശ പരീക്ഷക്കുപോലും ഹാജരാകാത്ത കുട്ടികള്‍ക്ക് പ്ളസ് ടു പരീക്ഷയുടെ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളാനാണ് സാധ്യത. തിങ്കളാഴ്ച രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രിയുമായും തുടര്‍ന്ന് മുഖ്യമന്ത്രിയുമായും അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകളില്‍ നിലപാട് അസോസിയേഷന്‍ ആവര്‍ത്തിക്കും. വന്‍തോതില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ലഭിച്ച ആനുകൂല്യവും സര്‍ക്കാര്‍ എടുത്തുകളയുന്നത് കാലിയായി കിടക്കുന്ന സീറ്റിന്‍െറ എണ്ണം വര്‍ധിപ്പിക്കുകയേയുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അതേസമയം, ഇപ്പോഴത്തെ പ്രശ്നം മാനേജ്മെന്‍റ് സീറ്റുകളിലെ പ്രവേശ മാനദണ്ഡം സംബന്ധിച്ചാണെന്നും മെറിറ്റ് സീറ്റ് പ്രവേശത്തെ ഇത് ബാധിക്കില്ളെന്നും പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി പറഞ്ഞു.
അംഗീകരിക്കാനാവില്ളെന്ന് മാനേജ്മെന്‍റുകള്‍
കൊച്ചി: സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ളെന്ന് സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്മെന്‍റ് അസോസിയേഷന്‍. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയോഗമാണ് പ്രവേശ പരീക്ഷ മാനദണ്ഡമാക്കാതെ പ്ളസ് ടു യോഗ്യതയുള്ളവരില്‍നിന്ന് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശം പൂര്‍ണമായും പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാവണമെന്നാണ് മാനേജ്മെന്‍റിനോട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ 45,000 ഓളം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമെന്നും കോളജുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്നും ജനറല്‍ ബോഡി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം 18000 സീറ്റുകള്‍ ഒഴിഞ്ഞ് കിടന്ന സാഹചര്യം കൂടി പരിഗണിക്കണമെന്നാണ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.
നിലപാടില്‍ വിട്ടുവീഴ്ചയില്ല –മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സുപ്രീംകോടതി വിധിയുടെയും ജയിംസ് കമ്മിറ്റി നിര്‍ദേശത്തിന്‍െറയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. ഒരു വിഭാഗം കുട്ടികള്‍ക്ക് ഒരു യോഗ്യതയും മറ്റൊരു വിഭാഗത്തിന് മറ്റൊരു യോഗ്യതയും എന്ന സമീപനം സര്‍ക്കാറിനു സ്വീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.