നാടകവേദിയിലെ കടമ്പ തകര്‍ത്ത ‘അവനവന്‍കടമ്പ’

തിരുവനന്തപുരം: മലയാള നാടകത്തില്‍ മാറ്റത്തിന്‍െറ സന്ദേശം എത്തിച്ച നാടകമാണ് ‘അവനവന്‍കടമ്പ’. നാടകരംഗത്തെ കടമ്പകളെ അത് തകര്‍ത്തു. നാടകം മോചനത്തിനുള്ള ആയുധമായി പല നാടകാചാര്യന്മാരും കണ്ടപ്പോള്‍ പ്രത്യക്ഷമായ രാഷ്ട്രീയ മുദ്രാവാക്യമൊന്നും കാവാലത്തിന്‍െറ രചനകള്‍ മുന്നോട്ടുവെച്ചില്ല. അടിയന്തരാവസ്ഥയില്‍ കാവാലത്തിന്‍െറ തൂലികയും രാഷ്ട്രീയ പരിസരത്തേക്ക് എത്തിനോക്കി. കലഹവും കലാപവും ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ അവതരിപ്പിച്ചു. അതാകട്ടെ താളാത്മകമായൊരു രൂപത്തിലൂടെയാണ്. കഥയുടെ ചുരുള്‍ അഴിയുന്നതും നിവരുന്നതും താളത്തിലാണ്. ശവതാളത്തിന്‍െറയും ജീവതാളത്തിന്‍െറയും സംഘര്‍ഷ സമ്മേളനങ്ങളാണ് നാടകത്തിലുടനീളം കേള്‍ക്കുന്നത്.

പമ്പയാറ്റിലൂടെ ഒഴികിപ്പോകുന്ന തലയില്ലാത്ത ശവത്തില്‍നിന്നാണ് നാടകം ആരംഭിക്കുന്നത്. ആട്ടവും പാട്ടുമായി നടക്കുന്ന രണ്ട് കൂട്ടങ്ങളുടെ സംഭാഷണത്തിലൂടെയും ആട്ടത്തിലൂടെയും പാട്ടിലൂടെയുമാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. വട്ടിപ്പണക്കാരന്‍െറ ശവമാണെന്നുകൂടി പറയുമ്പോള്‍ കഥയാകെ മാറുന്നു. നാടുവാഴിത്തത്തിനെതിരെ എരട്ടക്കണ്ണന്‍ പക്കി കലാപം നടത്തിയെന്നും നാട്ടുക്കൂട്ടം മുഴുവന്‍ കടമ്പയില്‍ തട്ടിവീഴുന്നെന്നും കാവലം കുറിച്ചിട്ടത് 1975ലാണെന്ന് ഓര്‍ക്കുക. നാടിന്‍െറ രാഷ്ട്രീയ ചരിത്രത്തെ അടയാളപ്പെടുത്തുകയായിരുന്നില്ല ‘കടമ്പ’യില്‍. എന്നാലത് അന്തര്‍ധാരയായി മൂര്‍ച്ചയുള്ള രാഷ്ട്രീയ ഇടപെടലായി. എരട്ടക്കണ്ണന്‍ പക്കി, ദേശത്തുടയോന്‍, ചിത്തിരപ്പെണ്ണ്, വടിവേലന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഏതു നാട്ടകത്തും സംഭവിക്കാവുന്ന ചില കാര്യങ്ങളുടെ ആവിഷ്കാരമാണ് സാധിക്കുന്നത്. പാട്ടുപരിഷകളും ആട്ടപ്പണ്ടാരങ്ങളും പക്കിയും തമ്മിലെ സംഭാഷണങ്ങളിലൂടെ സംഭവത്തിന്‍െറ ചുരുളഴിയുന്നത്.

തികച്ചും നാടന്‍ വായ്ത്താരികളുടെ പ്രയോഗവും ആ ഈണത്തിലെ പാട്ടുകളും കൂടിച്ചേരുമ്പോള്‍ ഒരു നാടോടി ഗാന പാരമ്പര്യത്തിന്‍െറ ആവിഷ്കാരമായി. മിത്തും പഴഞ്ചൊല്ലും ഫലിതവും വക്രോക്തിയും അനുഷ്ഠാനവും നിറഞ്ഞ കലാരൂപമായി നാടകം. കഥാപാത്രങ്ങളുടെ സംഭാഷണം, സ്ഥലകാല സൂചനകള്‍, രംഗോപകരണങ്ങള്‍ എന്നിവയിലെല്ലാം കുട്ടനാടന്‍ സംസ്കൃതിതന്നെ. കാവാലം പറയുന്നത് ‘പലകാര്യങ്ങളും കാവാലത്തുനിന്ന് സ്വരൂപിച്ച കൊയ്ത്തിലും മെതിയിലുമുള്ള ചലനങ്ങളും പാട്ടും താളവും നാടകസങ്കല്‍പം വളര്‍ത്തിയെടുക്കുന്നതില്‍ സഹായിച്ചു’ എന്നാണ്.

രചനയിലെ പതിവു മാറി, നാടകഘടനയിലെ കല്‍പന മാറി, അവതരണ സമ്പ്രദായം മാറി ഒരു പുത്തന്‍ അനുഭവമായാണ് ‘അവനവന്‍കടമ്പ’ വന്നതെന്ന് ഈ വഴിത്തിരിവിനെ കെ.എസ്. നാരായണപിള്ള വിലയിരുത്തി. ആദ്യകാല യവന നാടകങ്ങള്‍ തുറസ്സായ വേദികളിലായിരുന്നു അവതരിപ്പിച്ചിരുന്നത്. ഷേക്സ്പിയര്‍ നാടകങ്ങളും ഇതേ പാത സ്വീകരിച്ചു. മുടിയേറ്റ്, തീയാട്ടം, പടയണി, തെയ്യം പോലെയുള്ളവയുടെ പാത ‘അവനവന്‍കടമ്പ’യും സ്വീകരിച്ചു.
കേരളത്തനിമ നിറഞ്ഞ രംഗാവതരണം വിദേശരാജ്യങ്ങളിലും നാടകത്തെ എത്തിച്ചു. ‘കാഞ്ചനസീത’യുടെ തിളക്കത്തില്‍ നിന്ന അരവിന്ദനെ നാടകത്തിന്‍െറ സംവിധായകനാക്കി. ഭരത് ഗോപി, കൃഷ്ണന്‍കുട്ടി നായര്‍, എസ്. നടരാജന്‍, കുഞ്ചുപിള്ള, എസ്.ആര്‍. ഗോപാലകൃഷ്ണന്‍, ആര്‍.ആര്‍. നായര്‍, നെടുമുടി വേണു, ജഗന്നാഥന്‍, കലാധരന്‍ തുടങ്ങിയവര്‍ ഇതിന്‍െറ ഭാഗമായി. 2008ല്‍ തലസ്ഥാനത്തും 2015ല്‍ മാനവീയം വീഥിയിലും അവനവന്‍കടമ്പ അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.