ദേവികയുടെ മുത്തശ്ശന്‍

ഒമ്പതാം ക്ളാസിലെ പുതിയ പാഠപുസ്തകത്തിലെ ‘ചങ്ങമ്പുഴയുടെ കവിതാഭാഗം’ പഠിപ്പിക്കുന്നതിന്‍െറ  മുന്നൊരുക്കമായി ‘കാഴ്ചകള്‍ അനുഭവങ്ങള്‍’ എന്ന ശീര്‍ഷകം നല്‍കി ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത് കുറിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. ഭാഷയും ആശയവും നിരീക്ഷണവുമൊക്കെ മനസ്സിലാക്കുക എന്നൊരു ലക്ഷ്യവും ഉള്ളിലുണ്ടായിരുന്നു. 
പെട്ടെന്നാണ് പിറകിലെ ബെഞ്ചില്‍നിന്ന് ഒരു തേങ്ങലിന്‍െറ സ്വരം. ‘ടീച്ചര്‍, ദേവിക കരയുന്നു’ എന്ന് ജ്യോതികയുടെ ആവലാതി. ജ്യോതികയെയാണ് ഞാനാദ്യം അടുത്തുവിളിച്ചത്. എന്തിനാണ് ദേവിക കരയുന്നതെന്ന എന്‍െറ ചോദ്യത്തിന് ‘അവള്‍ക്കെന്തോ എഴുതണമെന്നുണ്ട്. പക്ഷേ പറ്റുന്നില്ല’ എന്ന് ജ്യോതിക മറുപടി നല്‍കി. 
ഞാന്‍ ദേവികയെ അരികെവിളിച്ചു. അവള്‍ക്ക് ഞാന്‍ പുതിയ ടീച്ചറായതിനാല്‍ എത്രമാത്രം മനസ്സ് തുറക്കുമെന്ന് അറിയില്ലായിരുന്നു. എന്തായാലും എന്നോട് പറയാമെന്ന് ധൈര്യം നല്‍കി. ‘എന്‍െറ മുത്തശ്ശന്‍ മരിച്ചുപോയി. മുത്തശ്ശനെക്കുറിച്ചെഴുതാനാണ് ഞാനാലോചിച്ചത്. എനിക്കെഴുതാന്‍ പറ്റുന്നില്ല...’ എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ ദേവികയുടെ മുഖം എന്‍െറയും കണ്ണ് നനച്ചു. ഈ സങ്കടം മാറാന്‍ മുത്തശ്ശനെക്കുറിച്ച് എഴുതുകതന്നെ വേണം.’ എന്ന് ഞാന്‍ ആശ്വസിപ്പിച്ചു. ഇന്ന് രാത്രി തന്നെ ഡയറിയില്‍ എഴുതാനും നിര്‍ദേശിച്ചു. ഡി. ബാബുപോളിന്‍െറ ‘കഥ ഇതുവരെ’ എന്ന ആത്മകഥയില്‍ പ്രിയസുഹൃത്തിന്‍െറ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്ന്  ആശ്വാസം ലഭിച്ചത് അദ്ദേഹത്തെക്കുറിച്ച് എഴുതിയപ്പോഴാണെന്ന അനുഭവവും ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു.  
ദേവികയുടെ മനസ്സിന്‍െറ നന്മയെക്കുറിച്ചാണ് അന്നുമുഴുവന്‍ ഞാന്‍ ചിന്തിച്ചത്. എന്താവും ദേവിക  എഴുതുന്നതെന്നും. അടുത്തദിവസം ഡയറിയില്‍നിന്ന് കീറിയെടുത്ത രണ്ട് താളുകളുമായാണ് ദേവികയത്തെിയത്. ഒന്ന് കരഞ്ഞൊഴിഞ്ഞ ആശ്വാസം ആ മുഖത്ത് ഞാന്‍ കണ്ടു. അവളുടെ കുറിപ്പിലും.

കത്തുന്ന നൊമ്പരമായി...
(ദേവികയുടെ അനുഭവക്കുറിപ്പ്)
‘നമ്മുടെ ജീവിതത്തിലുടനീളം പലരും നമുക്ക് സന്തോഷവും സങ്കടവുമൊക്കെ തന്ന് കടന്നുപോവാറുണ്ട്. അങ്ങനെ എന്‍െറ ജീവിതത്തില്‍നിന്ന് കടന്നുപോയ ഒരാളാണ് എന്‍െറ മുത്തശ്ശന്‍. ഗാംഭീര്യം നിറഞ്ഞ ശബ്ദമായിരുന്നു മുത്തശ്ശന്‍േറത്.വയസ്സാവും തോറും കുട്ടികളെപ്പോലാവും എന്നത് വളരെ ശരിയാണ്. അവരുടെ വര്‍ത്തമാനം കുട്ടികളെക്കാള്‍ കഷ്ടമാണ് പലപ്പോഴും. കുട്ടികളെക്കാള്‍ വാശിയുമാണ്.
മുത്തശ്ശന്‍ ഒരിക്കലും മരിക്കില്ല. മുത്തശ്ശനും മുത്തശ്ശിയുമൊക്കെ എന്‍െറ മരണംവരെ ഞങ്ങളുടെ കൂടെയുണ്ടാകും എന്നായിരുന്നു എന്‍െറ മനസ്സില്‍. മറ്റുള്ളവരുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അതിനെക്കുറിച്ച് കൂടുതലൊന്നും ഞാന്‍ ചിന്തിക്കുകയില്ലായിരുന്നു. പക്ഷേ, മുത്തശ്ശന്‍െറ മരണത്തോടെയാണ് ജീവിതം ഒരു ബലൂണ്‍ പോലെയാണെന്ന് തിരിച്ചറിയാന്‍ തുടങ്ങിയത്. മരണമെന്ന സൂചി ഏതുനിമിഷം വേണമെങ്കിലും അത് തകര്‍ത്തെറിയാം. മുത്തശ്ശന്‍ എപ്പോഴും പറയും, ‘കണ്ണില്ലാതാകുമ്പോഴാണ് അതിന്‍െറ വിലയറിയുന്നതെന്ന്’. അത് ശരിയാണെന്ന് ഞാനറിയുന്നത് മുത്തശ്ശന്‍ മരിച്ചപ്പോഴാണ്. എന്‍െറ ജീവിതത്തിലെ ഒരു വലിയ ഘടകമായിരുന്നു മുത്തശ്ശന്‍ എന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുത്തശ്ശന്‍ എനിക്ക് കഥകള്‍ പറഞ്ഞുതന്നിരുന്നു. മുത്തശ്ശനും മുത്തശ്ശിയും ഉറക്കെ നാമം ചൊല്ലാറുണ്ട്. അതൊക്കെ ഇല്ലാതാവുന്നത് ഒരുപാട് വിഷമം നല്‍കുന്നു. മുത്തശ്ശന്‍ ഞങ്ങളെ ചിരിപ്പിക്കാനായി ചില ചേഷ്ടകളൊക്കെ കാണിക്കാറുണ്ട്. അതൊക്കെ ഒരു തെളിഞ്ഞ ചിത്രംപോലെ പതിഞ്ഞുകിടക്കുന്നു.
മുത്തശ്ശന്‍ മരിച്ചപ്പോള്‍ ആദ്യം സത്യമാണെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ളെങ്കിലും പിന്നെയത് സത്യമാണെന്നറിഞ്ഞപ്പോള്‍ പറയാനാവാത്ത ഒരു അവസ്ഥയിലേക്ക് ഞാന്‍ പോവുകയായിരുന്നു. കുറെ കരഞ്ഞു. പിന്നെ ഒരു തരം വീര്‍പ്പുമുട്ടലായിരുന്നു.
കര്‍മങ്ങള്‍ എല്ലാം കഴിഞ്ഞു. മുത്തശ്ശന്‍െറ ശരീരവും ഞങ്ങളില്‍നിന്നുപോകുന്നു. ആ സമയം അവസാനമായി ഒരുമ്മ ഞാന്‍ മുത്തശ്ശന്‍െറ നെറ്റിയില്‍ നല്‍കി. ഭസ്മം പൂശി മുത്തശ്ശന്‍ ഉറങ്ങിക്കിടക്കുംപോലെ. ഉറങ്ങുകയാണെന്ന് ആഗ്രഹിക്കാനേ എനിക്ക് സാധിക്കുകയുള്ളൂ. 
ആ സമയം എന്‍െറ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി, കാഴ്ച മങ്ങിയെങ്കിലും ആ മുഖം ഇപ്പോഴും ഒരു തെളിഞ്ഞ ചിത്രമായി എന്‍െറ മനസ്സില്‍ ഒരു നൊമ്പരക്കാഴ്ചയായി നിലനില്‍ക്കുന്നു. അപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. അതുവരെ അടക്കിപ്പിടിച്ച വീര്‍പ്പുമുട്ടലിന്‍െറ കെട്ട് തുറന്നു.
മുത്തശ്ശന്‍ മരിച്ചിട്ട് ആറുമാസമായെങ്കിലും ഇപ്പോഴും മുത്തശ്ശന്‍ എന്നോര്‍ക്കുമ്പോള്‍ എന്‍െറ മനസ്സില്‍ അന്ന് ഞാന്‍ മുത്തശ്ശന്‍െറ തണുത്ത മുഖത്ത് അവസാനമായി നല്‍കിയ ഉമ്മയും ആ മുഖവും തങ്ങിനില്‍ക്കുന്നു....


ദേവിക ജി. അനില്‍ STD: IX
എ.ജെ. ജോണ്‍ മെമ്മോറിയല്‍
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,
തലയോലപ്പറമ്പ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.