കൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ശരിവെച്ചും ഷുക്കൂറിന്‍െറ മാതാവ് ആത്തിക്കയുടെ ഹരജി അനുവദിച്ചും 2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് ബി. കെമാല്‍പാഷ പുറപ്പെടുവിച്ച ഉത്തരവാണ് സ്റ്റേ ചെയ്തത്. കേസിലെ പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ, മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ.വി. ഷാജി എന്നിവര്‍ നല്‍കിയ അപ്പീലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. റിട്ട് ഹരജി നല്‍കിയ ആത്തിക്കയുടെ വാദം കേള്‍ക്കാനായി ഡിവിഷന്‍ബെഞ്ച് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കേസിലെ സ്വകാര്യ ഹരജിക്കാരെ കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഹരജികള്‍ വാദത്തിന് മാറ്റിയത്. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20ന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി.ബി.ഐ അന്വേഷണത്തിന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. ജയരാജനും രാജേഷിനുമെതിരെ തെളിവുശേഖരണം പോലും നടത്താനാവാത്ത വിധം അവരുള്‍പ്പെട്ട പാര്‍ട്ടിയില്‍നിന്ന് അന്വേഷണ സംഘത്തിന് ഭീഷണിയും എതിര്‍പ്പും നേരിടേണ്ടിവന്നുവെന്ന ഹരജിക്കാരിയായ ഷുക്കൂറിന്‍െറ മാതാവിന്‍െറ വാദത്തിനുനേരെ കണ്ണടക്കാനാവില്ളെന്ന് വ്യക്തമാക്കിയായിരുന്നു അന്നത്തെ സിംഗിള്‍ബെഞ്ച് ഉത്തരവ്. അന്വേഷണ സംഘത്തിന് ഭീഷണിയുണ്ടായതിനാല്‍ പൊലീസിന് ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ളെന്ന് സര്‍ക്കാറും കോടതി മുമ്പാകെ കുറ്റസമ്മതം നടത്തി. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
ഷുക്കൂറിന്‍െറ മാതാവ് നല്‍കിയ ഹരജിയില്‍ എതിര്‍കക്ഷികളായ തങ്ങളെ കേള്‍ക്കാതെയാണ് സിംഗിള്‍ബെഞ്ചിന്‍െറ ഉത്തരവെന്നാണ് അപ്പീല്‍ ഹരജിയില്‍ ടി.വി. രാജേഷിന്‍െറയും കെ.വി. ഷാജിയുടെയും വാദം. വിചാരണഘട്ടത്തിലുള്ള കേസില്‍ സി.ബി.ഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിയമാനുസൃതമല്ളെന്ന് ജയരാജനും പ്രകാശനും ഹരജിയില്‍ പറയുന്നു. പൊലീസ് കണ്ടത്തെിയെന്ന് പറയുന്ന തെളിവുകളല്ലാതെ പുതിയതൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെയോ കോടതി മുമ്പാകെയോ എത്തിയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ വെറുമൊരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടിയും കോടതി ഉത്തരവും നിലനില്‍ക്കുന്നതല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷം കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്‍റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.