പാനായിക്കുളം സിമി ക്യാമ്പ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് കുറ്റപത്രം നല്‍കി

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയാകാതിരുന്ന കോട്ടയം സ്വദേശിക്കെതിരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ കുറ്റപത്രം നല്‍കിയത്. നേരത്തേ എന്‍.ഐ.എ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ തന്നെയാണ് പുതിയ കുറ്റപത്രത്തിലുമുള്ളത്. ഇത് കൂടാതെ, എന്‍.ഐ.എ കോടതി വിസ്തരിച്ച 68 സാക്ഷികളുടെ മൊഴികളും എന്‍.ഐ.എ കോടതി ഉത്തരവിന്‍െറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതമാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
കുറ്റപത്രം മജിസ്ട്രേറ്റ് കെ.രവിശങ്കര്‍ അടുത്തമാസം ഏഴിന് പരിഗണിക്കും. മാസങ്ങള്‍ക്ക് മുമ്പ് നടന്ന വിചാരണയില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പി.എ. ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ എന്‍.ഐ.എ കോടതി ശിക്ഷിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളടക്കമുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയായതിന് ശേഷമാണ് കോട്ടയം സ്വദേശിയായ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ളെന്ന് എന്‍.ഐ.എ കണ്ടത്തെിയത്.
ഇതോടെ കോടതി ഇയാളെ കേസില്‍നിന്ന് ഒഴിവാക്കി മറ്റുള്ളവര്‍ക്കെതിരെ വിധി പറഞ്ഞു. പരിപാടിയില്‍ സദസ്സിലിരുന്നുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.