തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കാണും. മാധ്യമങ്ങളോട് ഒരു അനിഷ്ടവുമില്ല. മുഖ്യമന്ത്രി പബ്ലിക് റിലേഷൻ പണിയെടുക്കേണ്ട ആളല്ലെന്നും പിണറായി പറഞ്ഞു. നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വിളിക്കാത്ത നടപടിയെ ചെന്നിത്തല കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിലല്ല; പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയൻ പെരുമാറുന്നതെന്ന ചെന്നിത്തലയുടെ ആരോപണങ്ങൾക്കും പിണറായി മറുപടി നൽകി.
താൻ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാൽ അതിൽ വീണു പോകില്ല. താൻ കരുത്തനല്ല; സാധുവാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ല. പ്രതികരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കുന്നതിന് തുല്യമാകും. അന്വേഷണം അതിെൻറ വഴിക്ക് പോകുമെന്നതാണ് തെൻറ രീതി. അന്വേഷണം പൂര്‍ത്തിയായശേഷം പിശകുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പിണറായി കൂട്ടിച്ചേർത്തു. ആശങ്കക്ക് ഒരടിസ്ഥാനവുമില്ല. മദ്യനയം സംബന്ധിച്ച് സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും. എല്‍.ഡി.എഫിെൻറ മദ്യ നയം വ്യക്തമാണ്. മദ്യ വര്‍ജനം തന്നെയാണ് നയം. മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കും. അത് കൊണ്ടാണ് മദ്യ നിരോധത്തെ അനുകൂലിക്കാത്തതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.