‘ദേ ഉമ്മന്‍ ചാണ്ടീ...’ ശിവാനിയുടെ വിളിയില്‍ അമല്‍കൃഷ്ണക്ക് ഇനി വീടാവും

കോഴിക്കോട്: ‘ദേ ഉമ്മന്‍ ചാണ്ടീ...’ കുഞ്ഞു ശിവാനിയുടെ ഉച്ചത്തിലുള്ള വിളികേട്ട് മുഖ്യമന്ത്രി തെല്ല് കൗതുകത്തോടെ തിരിഞ്ഞുനോക്കി. കൂടിനിന്നവരെല്ലാം ഒരുനിമിഷം പകച്ചുപോയെങ്കിലും കൊച്ചുകുട്ടിയെ അടുത്തേക്ക് വിളിച്ച് കാര്യങ്ങള്‍ തിരക്കി. അറിയുമോയെന്ന് ചോദിച്ചപ്പോള്‍ കൊച്ചുമിടുക്കിയുടെ മറുപടി ‘ടി.വിയില്‍ ഒരുപാട് കണ്ടിട്ടുണ്ട്’ കൂടിയിരുന്നവരുടെ ചിരികള്‍ക്കിടെ കുട്ടിയെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി ചോദിച്ചു. എന്താണ് വിശേഷം. വളച്ചുകെട്ടലില്ലാതെ ശിവാനി സ്കൂളിന്‍െറ സൗകര്യങ്ങള്‍ പറയാന്‍ തുടങ്ങി. ആനിമിഷം സമീപത്തുനില്‍ക്കുകയായിരുന്ന അമല്‍ കൃഷ്ണയെ ചൂണ്ടി ശിവാനി പറഞ്ഞു:  ‘ഇവന് സ്വന്തമായി വീടില്ല, അവന്‍െറ അച്ഛനാണേ സുഖവുമില്ല, അമ്മക്കും...’

നടക്കാവ് ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് വേദി. അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍െറ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനത്തിന്‍െറയും പ്രവൃത്തി ഉദ്ഘാടനത്തിനും എത്തിയതാണ് മുഖ്യമന്ത്രി. ചടങ്ങിനായി മുഖ്യമന്ത്രി വേദിയിലേക്ക് നടന്നുവരവേയാണ് ടി.ടി.ഐ സ്കൂളിലെ യിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനി ശിവാനിയുടെ അരങ്ങേറ്റം.

കുട്ടികളുടെ ആവശ്യം ശ്രദ്ധാപൂര്‍വം കേട്ട മുഖ്യമന്ത്രിയുണ്ടോ വിട്ടുകൊടുക്കുന്നു. രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയായ അമല്‍കൃഷ്ണക്ക് വീടുവെക്കാന്‍ സഹായംനല്‍കാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കരഘോഷങ്ങളോടെയും ആര്‍പ്പുവിളിയോടെയുമാണ് പ്രഖ്യാപനത്തെ സദസ്സ് എതിരേറ്റത്.
കുണ്ടുപറമ്പ് കക്കുഴിപടി പറമ്പ് സുധീഷിന്‍െറയും അനീഷയുടെയും മകനാണ് അമല്‍കൃഷ്ണ.

പെയിന്‍റിങ് കമ്പനി തൊഴിലാളിയായിരുന്ന സുധീഷ് ഹൃദയസംബന്ധമായ അസുഖംകാരണം കിടപ്പിലാണ്. ഭാര്യ അനീഷ നേരത്തെതന്നെ അസുഖബാധിതയാണ്. സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീടില്ല. ഇതെല്ലാം വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോട് പിന്നീട് പറഞ്ഞു. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ ടി.സി. റോസ് മേരിയോട് ആവശ്യപ്പെടുകയും എഴുതിനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിഷ്കളങ്ക ബാല്യത്തിന്‍െറ ആവശ്യം നിറവേറ്റാന്‍ തയാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റ് നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശവും നല്‍കിയാണ് വേദിവിട്ടത്. ശിവാനി ഇത്തരമൊരാവശ്യം പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ളെന്നും അധ്യാപകര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.