തൃശൂര്‍: കേരള വെറ്ററിനറി-അനിമല്‍ സയന്‍സ് സര്‍വകലാശാലയില്‍ വി.സി സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളിന്‍െറ നിയമനം അട്ടിമറിക്കാന്‍ ലോബി കരുനീക്കം തുടങ്ങി. പട്ടികജാതിക്കാരന്‍ കൂടിയായ ഡോ. പി.പി. ബാലകൃഷ്ണന്‍ വി.സി ആവാതിരിക്കാനാണ് ചിലര്‍ ചരടുവലിക്കുന്നത്. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പട്ടികയാണ് സെര്‍ച് കമ്മിറ്റി ഗവര്‍ണറുടെ അനുമതിക്ക് സമര്‍പ്പിച്ചത്. ബാലകൃഷ്ണന് പുറമെ മണ്ണുത്തി വെറ്ററിനറി കോളജിലെ മുന്‍ ഡീന്‍ ഡോ. ഇ. നാണുവും തമിഴ്നാട് വെറ്ററിനറി സര്‍വകലാശാലാ വി.സി ആയിരുന്ന ഡോ. ആര്‍. പ്രഭാകരനുമാണ് പട്ടികയിലുള്ളത്.
ബാലകൃഷ്ണനെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതോടെയാണ് സര്‍വകലാശാലയില്‍ നേരത്തെ ഉന്നത പദവി വഹിച്ച ഒരാളുടെ നേതൃത്വത്തില്‍ ചരടുവലി തുടങ്ങിയത്. സര്‍വകലാശാലയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഡോ. ബാലകൃഷ്ണന്‍ വി.സിയായാല്‍ തങ്ങള്‍ക്ക് ദോഷമാവുമെന്ന് ഭയപ്പെടുന്ന വിഭാഗമാണത്രേ നിയമനം തടയാന്‍ ശ്രമിക്കുന്നത്. ഡോ. ബാലകൃഷ്ണനെതിരെ ഗവര്‍ണര്‍ക്ക് നിരവധി ഊമക്കത്തുകള്‍ ലഭിച്ചതായും അറിയുന്നു. സര്‍ക്കാര്‍ ഇത് പരിശോധിക്കുകയാണ്.
16 വര്‍ഷത്തോളം പ്രഫസര്‍ പദവി വഹിച്ച ബാലകൃഷ്ണന്‍ അതില്‍ 10 വര്‍ഷം ഡീന്‍, അസോസിയേറ്റ് ഡീന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എട്ടുവര്‍ഷം പൂക്കോട് വെറ്ററിനറി കോളജില്‍ അസോസിയേറ്റ് ഡീന്‍ ആയിരുന്നു. 1998ലാണ് ഇവിടെ സ്പെഷല്‍ ഓഫിസറായത്. 1996ല്‍ പ്രഫസറായ അദ്ദേഹത്തിന്‍െറ പദവി 2002ല്‍ റദ്ദാക്കപ്പെട്ടു. അന്ന് കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗമായിരുന്നു വെറ്ററിനറി കോളജ്. കാര്‍ഷിക സര്‍വകലാശാല വി.സിയായിരുന്ന ഡോ. എ.എം. മൈക്കിളിനെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ ദീര്‍ഘകാലം സമരം ചെയ്തതിന്‍െറ പേരില്‍ പ്രഫസര്‍ പദവി റദ്ദാക്കപ്പെട്ട നാല് പേരില്‍ ഒരാളാണ് ബാലകൃഷ്ണന്‍. പിന്നീട് ഹൈകോടതി പ്രഫസര്‍ പദവി പുന$സ്ഥാപിച്ചു. കാര്‍ഷിക സര്‍വകലാശാലയും വിജിലന്‍സും ബാലകൃഷ്ണന് ക്ളീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. യു.ജി.സി നിശ്ചയിച്ച യോഗ്യതകളെല്ലാമുള്ള ഇദ്ദേഹം അയോഗ്യനാണെന്നാണ് ചിലരുടെ പ്രചാരണം.
2009ല്‍ വിരമിച്ച ബാലകൃഷ്ണന് ഇപ്പോള്‍ 66 വയസ്സാണ്. വി.സി പദവിയില്‍ 70 വരെ തുടരാം. എന്നാല്‍, 68 വയസ്സായെന്ന് മറുവിഭാഗം പ്രചരിപ്പിക്കുന്നു.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കണ്‍വീനറും കാര്‍ഷികോല്‍പാദന കമീഷണര്‍ സുബ്രതോ ബിശ്വാസ്, ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്‍റ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് 50 അപേക്ഷകരില്‍നിന്ന് മൂന്നു പേരെ നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയില്‍ പട്ടികജാതിക്കാരന്‍ വി.സിയാവാനുള്ള സാധ്യത കൂടിയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
വി.എസ് കത്ത് നല്‍കി
വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പി.പി. ബാലകൃഷ്ണനെ നിയമിക്കാനുള്ള ശിപാര്‍ശ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വി.സി തസ്തികയില്‍ നിയമിക്കപ്പെടുന്നയാള്‍ക്ക് സര്‍വകലാശാലാതലത്തില്‍ പ്രഫസറായോ തത്തുല്യമായ തസ്തികയിലോ ചുരുങ്ങിയത് 10 വര്‍ഷം സര്‍വിസ് ഉണ്ടായിരിക്കണമെന്നാണ് യു.ജി.സി നിബന്ധന. എന്നാല്‍, കാര്‍ഷിക സര്‍വകലാശാലയില്‍ പ്രഫസറായിരുന്ന ഡോ. പി.പി. ബാലകൃഷ്ണന് എഴ് വര്‍ഷത്തില്‍താഴെ സര്‍വിസാണുള്ളത്. സര്‍വിസ്കാലയളവ് സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് അദ്ദേഹം നല്‍കിയതെന്നും വി.എസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.