സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ഇനി തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി ആവശ്യം

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സര്‍ക്കാറിന് തീരുമാനങ്ങളെടുക്കാന്‍  ഇനി തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി വേണ്ടിവരും. അവസാനഘട്ടത്തില്‍ കൂട്ടത്തോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ പലതും ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പല ഉദ്യോഗസ്ഥരും ഉത്തരവ് പുറപ്പെടുവിക്കാന്‍ വിമ്മതിക്കുന്നതായും വിവരമുണ്ട്. പൊലീസും ഉദ്യോഗസ്ഥരുമെല്ലാം ഇനി തെരഞ്ഞെടുപ്പ് കമീഷന്‍െറ നിയന്ത്രണത്തിലേക്കുകൂടി വരും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ അതനുസരിച്ചേ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും പ്രവര്‍ത്തിക്കാനാവൂ.

പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടല്‍, പ്രഖ്യാപനം നടത്തല്‍, ആനുകൂല്യം നല്‍കല്‍ എന്നിവയൊക്കെ നടക്കണമെങ്കില്‍ കമീഷന്‍െറ അനുമതി ആവശ്യമാവും. വകുപ്പ് മേലധികാരികള്‍ മിക്കവാറും ഫയലുകള്‍ ഇനി കമീഷന്‍െറ അനുമതി തേടി മാത്രമേ തീരുമാനമെടുക്കൂ. ഇത്തരം കാര്യങ്ങള്‍ക്കുള്ള വിപുലമായ സംവിധാനങ്ങള്‍ തന്‍െറ ഓഫിസില്‍ ഉണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഇ.കെ. മാജി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ക്കണ്ട് ഉദ്ഘാടനങ്ങളുടെ ഘോഷയാത്രയും പ്രഖ്യാപനങ്ങളുടെ പെരുമഴയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. തുടര്‍ച്ചയായി മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. എന്നാല്‍, എല്ലാ തീരുമാനങ്ങളിലും ഉത്തരവിറക്കിയിട്ടില്ല. 24 മണിക്കൂറിനകം ഉത്തരവിറക്കണമെന്നാണ് ചട്ടം. ഭൂമി അനുവദിക്കല്‍, നിയമനം നല്‍കല്‍, ജോലിയില്‍ സ്ഥിരപ്പെടുത്തല്‍ അടക്കം അനവധി ഫയലുകളിലാണ് തീരുമാനം എടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.