കേരളം- അഭിപ്രായ സർവേ: എൽ.ഡി.എഫ് 89 സീറ്റ്; യു.ഡി.എഫ് 49; ബി.ജെ.പി 1

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 89 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ഇന്ത്യ ടി.വി-സീ വോട്ടർ അഭിപ്രായ സർവേ. 140 അംഗ സഭയിൽ യു.ഡി.എഫിന് 49 സീറ്റ് ലഭിക്കും. ബി.ജെ.പി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും സർവേ പ്രവചിക്കുന്നു. 

നിലവിൽ 72 സീറ്റ് യു.ഡി.എഫിനും 68 സീറ്റ് എൽ.ഡി.എഫിനുമാണ്. യു.ഡി.എഫ് നേടുന്ന വോട്ടിൽ 6 ശതമാനം കുറവ് വരും. കഴിഞ്ഞ തവണ 45.8 ശതമാനം വോട്ട് നേടിയതു 39.1 ശതമാനമായി കുറയും. എൽ.ഡി.എഫിന്‍റെ വോട്ടിൽ ഒന്നര  ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. 43 ൽ നിന്ന് 44.6 ശതമാനമായി ഉയരും.  
 
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്‌ അധികാരത്തിൽ തുടരും. എന്നാൽ, സീറ്റിൽ വലിയ ഇടിവ് സംഭവിക്കും. 294 അംഗ സഭയിൽ ഇപ്പോൾ 184 ഉള്ളത് 156 ആയി കുറയും. ഇടതു മുന്നണിയുടെ സീറ്റ് 60ൽ നിന്ന് 114 ആകും. കോൺഗ്രസിന്റെ സീറ്റ് 42ൽ നിന്ന് 13 ആകും. ബി.ജെ.പിയും മറ്റു പാർട്ടികളും കൂടി 11 സീറ്റ് നേടും. 
 
തമിഴ്നാട്ടിൽ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്നാണ് സർവേ പറയുന്നത്.  234 അംഗ സഭയിൽ നിലവിൽ 203 സീറ്റുകൾ ജയലളിതയുടെ പാർട്ടിക്കുണ്ട്. അത് 116 ആയി കുറയും. ഡി.എം.കെയുടെ സീറ്റുകൾ 31ൽ നിന്ന് 101 ആയി വർധിക്കും. മറ്റു പാർട്ടികൾ 17 സീറ്റ് നേടും. ബി.ജെ.പിക്ക് സീറ്റ് കിട്ടുമെന്ന് സർവേയിൽ പറയുന്നില്ല. 
 
അസമിൽ ബി.ജെ.പി ഒന്നാം കക്ഷി ആകുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കില്ല. 126 അംഗ സഭയിൽ 57 സീറ്റ് ബി.ജെ.പി നേടുമെന്നാണ് സർവേയിൽ പ്രവചിക്കുന്നത്. കോൺഗ്രസിന്‌ നിലവിലെ 78 സീറ്റ് ഉള്ളത് 44 ആയി ചുരുങ്ങും. എ.ഐ.യു.ഡി.എഫിന് 19 സീറ്റ് ലഭിക്കും. മറ്റു പാർട്ടികൾ 6 സീറ്റ് നേടും. അസമിൽ ബി.ജെ.പിയും എ.ജി.പിയും സഖ്യത്തിലെത്തുന്നതിനു മുൻപാണ് സർവേ നടത്തിയതെന്നും പുതിയ സാഹചര്യത്തിൽ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരാമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 
 
ഈമാസം ആദ്യ ദിവസങ്ങളിലാണ്‌ സർവേ നടന്നത്. പോളിങ് സർവേ നടത്തുന്നതിൽ കഴിവ് തെളിയിച്ച ഏജൻസിയാണ് സി വോട്ടർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.