ഹജ്ജ്: കേരളത്തില്‍നിന്ന് 75208 അപേക്ഷകര്‍


കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത് 75208 പേര്‍. ജനുവരി 14 മുതലാണ് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി 15ന് സമയം അവസാനിച്ചെങ്കിലും അപേക്ഷ തരംതിരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായത് ശനിയാഴ്ചയാണ്. 
 അപേക്ഷകരില്‍ 1618 പേര്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന 70 വയസ്സിന് മുകളിലുള്ളവരാണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അപേക്ഷിച്ചവര്‍ 8304 പേരാണ്. 9690 പേര്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അപേക്ഷിക്കുന്നത്. 55,596 പേരാണ് ജനറല്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം 65,165 അപേക്ഷകരാണ് സംസ്ഥാനത്ത് നിന്നുണ്ടായിരുന്നത്. അപേക്ഷിച്ച എല്ലാവര്‍ക്കും കവര്‍ നമ്പര്‍ അയച്ചതായും ഹജ്ജ് കമ്മിറ്റി അറിയിച്ചു. 
റിസര്‍വ് എ (70 വയസ്സ്) കാറ്റഗറിയില്‍ അപേക്ഷിച്ചവരുടെ കവറിന്‍െറ മുകളില്‍ വതുഭാഗത്ത് ‘കാറ്റഗറി എ 70’ എന്നും അഞ്ചാം വര്‍ഷക്കാരുടെ കവറില്‍ ‘ഫിഫ്ത് ടൈമര്‍’ എന്നും നാലാം വര്‍ഷക്കാരുടേതില്‍ ‘ഫോര്‍ത് ടൈമര്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. 
റിസര്‍വ് എ (70 വയസ്സ്) റിസര്‍വ് ബി (നാലും അഞ്ചും വര്‍ഷക്കാര്‍) എന്നിവരുടെ കവര്‍ നമ്പറില്‍ കെ.എല്‍.ആര്‍ എന്നാണ് ഉണ്ടാകേണ്ടത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കെ.എല്‍.എഫ് എന്ന് തുടങ്ങുന്ന നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ മാര്‍ച്ച് എട്ടിനകം ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം. 
അപേക്ഷ നല്‍കിയിട്ടും മാര്‍ച്ച് ഏഴിനകം കവര്‍ നമ്പര്‍ ലഭിച്ചില്ളെങ്കില്‍ അവര്‍ അപേക്ഷ സമര്‍പ്പിച്ചതിന്‍െറ രേഖയും അപേക്ഷയുടെയും പാസ്പോര്‍ട്ടിന്‍െറയും പണമടച്ച രശീതിയുടെയും കോപ്പിയും സഹിതം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ മാര്‍ച്ച് എട്ടിന് നേരിട്ട് ഹാജരാകണം.  
മാര്‍ച്ച് എട്ടിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതുസംബന്ധമായ സര്‍വര്‍ പൂട്ടുന്നതിനാല്‍ പിന്നീട് ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാനാകില്ല. കവര്‍ നമ്പര്‍ ലഭിക്കാത്തവരും ലഭിച്ചവരുടെ വിവരങ്ങളില്‍ തെറ്റുള്ളവരും മാര്‍ച്ച് എട്ടിനുതന്നെ അപേക്ഷയുടെ കോപ്പിയോടൊപ്പം ഹജ്ജ് കമ്മിറ്റിയെ അറിയിക്കണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.