ദുരിതക്കയത്തിലും അവര്‍ പണിയെടുക്കുന്നു

 അരൂര്‍: പെണ്‍കൂട്ടായ്മയുടെ മുഖമാണ് ചെമ്മീന്‍ മേഖലയിലെ പീലിങ് ഷെഡുകളില്‍ കാണാന്‍ കഴിയുക. നൂറുകണക്കിന് സ്ത്രീകള്‍ പണിയെടുക്കുന്ന സ്ഥലങ്ങള്‍. പതിറ്റാണ്ടുകളായി ചെമ്മീന്‍ വ്യവസായത്തിന്‍െറ അടിത്തറയില്‍ എല്ലാ ക്ളേശങ്ങളും സഹിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തലമുറകള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ മലയാളികള്‍ കുറഞ്ഞുവരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയും കൈയടക്കാന്‍ പോകുന്നത്.

’70കളുടെ അവസാനത്തോടെയാണ് അരൂര്‍ മേഖലയില്‍ സ്ത്രീകള്‍ ചെമ്മീന്‍ കിള്ളുന്ന ജോലിക്ക് കൂടുതലായി എത്തിത്തുടങ്ങിയത്. കാര്‍ഷിക മേഖല കൊണ്ട് കാര്യമായ ഗുണം ഉണ്ടാകാതെ വന്നപ്പോഴാണ് ദാരിദ്ര്യം മാറ്റാന്‍ കുടുംബിനികളും യുവതികളുമെല്ലാം ചെമ്മീന്‍ മേഖലയിലേക്ക് എത്തിത്തുടങ്ങിയത്.
അങ്ങനെ ഈ തൊഴില്‍മേഖലയുടെ നട്ടെല്ല് പീലിങ് തൊഴിലാളികളായി. ഏറ്റവും കൈവേഗതയുള്ള തൊഴിലാളികള്‍, തെള്ളി ചെമ്മീന്‍ പോലും സംസ്കരിച്ചെടുക്കാന്‍ വൈദഗ്ധ്യമുള്ളവര്‍.

സ്ത്രീകളുടെ കഴിവ് തിരിച്ചറിഞ്ഞ് ഇടറോഡുകള്‍ക്കരികില്‍ പോലും ചെമ്മീന്‍ ഷെഡുകള്‍ സജീവമായി. നൂറുകണക്കിന് കുടുംബങ്ങള്‍ ഈ ശാലകളില്‍ പണിയെടുത്ത് കുടുംബം പോറ്റി. ജീവിതത്തിന്‍െറ ഭദ്രത ഏറക്കുറെ ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സാമ്പത്തികമായ ചെറിയ അടിത്തറയില്‍നിന്ന് അവര്‍ ജീവിതം ഉയര്‍ത്തി. എന്നാല്‍, നിരവധി പ്രശ്നങ്ങള്‍ അവശേഷിച്ചു. അത് അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ആയിരുന്നു.

സമുദ്രോല്‍പന്ന കയറ്റുമതി മേഖലയുടെ സിരാകേന്ദ്രമെന്നാണ് അരൂരിനെ അറിയപ്പെട്ടിരുന്നത്. ചെമ്മീന്‍ പീലിങ് ഷെഡുകളിലെ തൊഴിലാളികളുടെ കരവിരുതിന്‍െറയും തൊഴില്‍ ഉടമകളുടെ ആത്മാര്‍ഥതയുടെയും ഫലമായാണ് അത്തരമൊരു ബഹുമതി അരൂരിന് ലഭിച്ചത്.  രാഷ്ട്രീയ പാര്‍ട്ടികളുടെ ചൂഷണത്തിന് പലപ്പോഴും തൊഴിലാളികള്‍ വിധേയരായെങ്കിലും സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പല തൊഴിലാളി നേതാക്കളും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഒട്ടേറെ സമരങ്ങളും ഉണ്ടായി. അതിന്‍െറ ഫലമായി കൂലി വര്‍ധന നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.  സര്‍ക്കാറിന്‍െറ ബുക്കുകളിലൊന്നും പീലിങ് തൊഴിലാളികളുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. പെന്‍ഷന്‍, ചികിത്സാ ചെലവ് തുടങ്ങിയ ക്ഷേമ ആനുകൂല്യങ്ങളും ലഭിച്ചില്ല.

അവസാനം ചെറിയ രീതിയിലെങ്കിലും കൂലി വര്‍ധന നേടിയെടുക്കാന്‍ അവരുടെ സമരങ്ങള്‍ കൊണ്ട് കഴിഞ്ഞു. അസംഘടിത മേഖലയില്‍ നിലനില്‍ക്കുന്ന എല്ലാവിധ ദുരിതങ്ങളും ഇവര്‍ക്കുമുണ്ട്. മെച്ചപ്പെട്ട ആനുകൂല്യം നല്‍കണമെന്ന് ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ ഉണ്ടെങ്കിലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് വേണ്ടത്ര താല്‍പര്യം കാണുന്നില്ളെന്നാണ് അവരുടെ പരാതി. ഇ.എസ്.ഐ ആനുകൂല്യം നേടിക്കൊടുക്കാനുള്ള പരിശ്രമത്തിലാണ്.
പഴയ തലമുറയില്‍പ്പെട്ടവര്‍ രംഗംവിടുമ്പോള്‍ അവിടേക്ക് പുതിയ തലമുറയിലുള്ളവര്‍ കടന്നുവരുന്നില്ല. മറ്റ് മേഖലകളിലെന്നപോലെ ഇവിടെയും ഇതരസംസ്ഥാന തൊഴിലാളികള്‍ കടന്നുവരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.