തിരുവനന്തപുരം: വിജയഗാഥയില്‍ അഭിമാനപൂര്‍വം മുന്നേറുന്ന ‘ഷീ ടാക്സി’ പെണ്‍കരുത്തില്‍ വിപ്ളവം രചിക്കുകയാണ്. നിരത്തുകളിലെ ഈ വിസ്മയം രാജ്യം ഒന്നാകെ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നിരവധി സംസ്ഥാനങ്ങള്‍ പദ്ധതി ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് പദ്ധതിയുടെ നേട്ടമാണ്. സ്ത്രീകള്‍തന്നെ ഉടമകളും ഡ്രൈവര്‍മാരുമായ ഷീ ടാക്സി സര്‍വിസ് വിജയകരമായ ബിസിനസ് മോഡല്‍ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഡ്രൈവ് ചെയ്യുന്നവരാണ് സ്ത്രീകളെന്ന അംഗീകാരത്തോടെയാണ് ഷീ ടാക്സി ഇപ്പോള്‍ മൂന്നാം വയസ്സിലേക്ക് ജൈത്രയാത്ര തുടരുന്നത്. നടി മഞ്ജുവാര്യരാണ് ബ്രാന്‍ഡ് അംബാസഡര്‍.
സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഒരുക്കാന്‍ ലക്ഷ്യമിട്ട് വനിതാവികസന കോര്‍പറേഷന്‍ നടപ്പാക്കിയ ആറ് ടാക്സികളുമായി 2014 നവംബര്‍ 19ന് തലസ്ഥാന ജില്ലയിലായിരുന്നു ഷീ ടാക്സി സര്‍വിസുകളുടെ തുടക്കം. ഇപ്പോള്‍ 35 സര്‍വിസില്‍ എത്തിനില്‍ക്കുകയാണ്. തലസ്ഥാനത്ത് സ്ത്രീ യാത്രികര്‍ നെഞ്ചേറ്റിയതോടെ പദ്ധതി കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ തിരുവനന്തപുരത്ത് 18, കൊച്ചിയില്‍ 10, കോഴിക്കോട്ട് ഏഴ് എന്നിങ്ങനെയാണ് ഷീ ടാക്സികള്‍ സര്‍വിസ് നടത്തുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കൂടി സര്‍വിസ് ആരംഭിക്കാന്‍ തയാറെടുക്കുകയാണ്. പദ്ധതി വിജയിച്ചതോടെ കൂടുതല്‍ വനിതകള്‍ ഷീ ടാക്സിയുടെ വളയംപിടിക്കാന്‍ മുന്നോട്ടുവരുന്നു. എട്ട് ശതമാനം പലിശനിരക്കില്‍ ബാങ്ക് വായ്പ എടുത്ത് ടാക്സി വാങ്ങാന്‍ കോര്‍പറേഷന്‍ സൗകര്യമൊരുക്കുന്നു. ഡ്രൈവര്‍മാരായ വനിതകള്‍ തന്നെ ഷീ ടാക്സികളുടെ ഉടമസ്ഥരുമാകുന്നുവെന്നതാണ് പ്രത്യേകത.
മികച്ചരീതിയില്‍ സര്‍വിസ് ലഭിക്കുന്നതിനാല്‍ വായ്പ തിരിച്ചടവ് സുഗമമായി നടക്കുന്നെന്ന് നിലവിലെ ഷീ ടാക്സി ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
സുരക്ഷിതയാത്ര എന്നതിലുപരി സ്ത്രീകള്‍ക്കായി പുതിയൊരു തൊഴില്‍മേഖല തുറക്കാനും പദ്ധതിക്ക് കഴിഞ്ഞു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് പിങ്കും വെളുപ്പും നിറം ചാര്‍ത്തിയ കാറുകള്‍ നല്‍കി പദ്ധതിയില്‍ സഹകരിക്കുന്നത്. ജി.പി.എസ്, അത്യാധുനിക മീറ്ററുകള്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജാഗ്രതാസന്ദേശത്തിനുള്ള സംവിധാനം, വിനോദോപാധികള്‍ തുടങ്ങി ആഡംബരവും സുരക്ഷിതത്വവും ചേര്‍ത്തുവെച്ചതാണ് ഷീ ടാക്സികള്‍. ടെക്നോപാര്‍ക് കേന്ദ്രീകരിച്ചുള്ള റെയിന്‍ കണ്‍സേര്‍ട്ട് ടെക്നോളജീസ് ലിമിറ്റഡാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍റര്‍ വഴി ഷീ ടാക്സി സേവനം നിയന്ത്രിക്കുന്നത്. വനിതാ സംരംഭകര്‍ക്ക് പ്രതിമാസം 20,000 രൂപ വരെയെങ്കിലും വരുമാനം ലഭ്യമാകുംവിധത്തിലാണ് പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. പദ്ധതിയുടെ സ്വീകാര്യത വര്‍ധിച്ച സാഹചര്യത്തില്‍ ഷീ ബസ് പദ്ധതി നടപ്പാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ഷീ ടാക്സിയുടെ വാര്‍ഷികത്തിനൊപ്പം പുറത്തിറക്കാനായിരുന്നു അധികൃതര്‍ പദ്ധതിയിട്ടിരുന്നത്. സാങ്കേതികമായ അനുമതികള്‍ ലഭിക്കാത്തതാണ് പദ്ധതി വൈകാന്‍ കാരണം. ഈ വര്‍ഷം തന്നെ ഷീ ബസിന്‍െറ കന്നിയാത്ര നടത്താനാകുമെന്നാണ് പ്രതീക്ഷ. ലോകബാങ്കിന്‍െറ പിന്തുണയോടെയാണ് ഷീ ബസ് ഒരുങ്ങുന്നത്. സാധാരണക്കാരായ വനിതകളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ കുറഞ്ഞനിരക്കില്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.