മെത്രാൻ കായൽ നികത്താനുള്ള സർക്കാർ ഉത്തരവിന് ഹൈകോടതി സ്റ്റേ

കൊച്ചി: കുമരകത്തെ മെത്രാന്‍ കായല്‍ നികത്തുന്ന കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈകോടതി. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ നിര്‍ദേശം. രണ്ടുമാസത്തേക്ക് നിലവിലെ സ്ഥിതി തുടരണം. കുമരകം ഗ്രാമപഞ്ചായത്തിനും റാക് ഇന്‍ഡോ ഡെവലപ്പേഴ്സിനും നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.

ടൂറിസം പദ്ധതിയുടെ ഭാഗമായി റാക് ഇന്‍ഡോ ഡെവലപ്പേഴ്സ് എന്ന കമ്പനിക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലും റിസോര്‍ട്ടും പണിയാനാണ് എല്ലാ നിയമങ്ങളും ലംഘിച്ച് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി മെത്രാന്‍ കായലിന്‍െറ ഭാഗമായ 7.80 ഹെക്ടറിന്‍െറ ഉടമയായ എന്‍.കെ. അലക്സാണ്ടറാണ് കോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കിയിട്ടില്ലാത്തതിനാല്‍ നികത്താനാകാത്ത അവസ്ഥയില്‍തന്നെ തുടരേണ്ടി വരും. 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമവും നീര്‍ത്തട സംരക്ഷണവും മാനേജ്മെന്‍റുമായി ബന്ധപ്പെട്ട കേന്ദ്ര നിയമവും ലംഘിച്ചാണ് റവന്യൂ വകുപ്പിന്‍െറ ഉത്തരവുണ്ടായതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് നെല്‍പാടമായതിനാല്‍ മറ്റെന്തെങ്കിലും ഉപയോഗത്തിന് ഇവിടെ അനുമതി നല്‍കാനാവില്ല. നടപടി മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വിലയിരുത്താതെയാണ് കലക്ടര്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടിരിക്കുന്നത്. 2008 വരെ കൃഷി ചെയ്തിരുന്ന നിലമാണ് തന്‍േറത്. ഹരജിക്കാരന് ആവശ്യമെങ്കില്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാമെന്നാണ് കലക്ടറുടെ നിലപാട്. എന്നാല്‍, കുമരകം തെമോ റിസോര്‍ട്ടിന്‍െറ ഭാഗമായി മാറുന്ന 400 ഏക്കര്‍ വരുന്ന ഭൂമിയാണ് തന്‍േറത്. ഈ സാഹചര്യത്തില്‍ തനിക്ക് ഒറ്റക്ക് കൃഷിയിറക്കാന്‍ കഴിയില്ല. നികത്താനുള്ള നീക്കം തനിക്ക് അപര്യാപ്തമായ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും പ്രകൃതിനാശത്തിനും നിയമപരമായ അവകാശങ്ങള്‍ നഷ്ടപ്പെടാനും ഇടയാക്കുകയും ചെയ്യുമെന്ന് ഹരജിയില്‍ പറയുന്നു. 378 ഏക്കര്‍ നിലം നികത്താന്‍ അഞ്ചുവകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മൂന്നു ദിവസം മുമ്പ് കുമരകത്തെ മെത്രാന്‍ കായല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കിയതാണ് വിവാദമായത്. ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. റവന്യൂമന്ത്രി അറിയാതെയാണ് ഫയല്‍ മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്കത്തെിയതെന്നും സൂചനയുണ്ട്.

അതേസമയം പദ്ധതിക്ക് ആദ്യം അനുമതി നല്‍കിയത് ഇടത് സര്‍ക്കാറാണെന്ന പൊതുഭരണ വകുപ്പിന്‍െറ 2010 ജൂലൈ 17ലെ  ഉത്തരവിന്‍െറ പകര്‍പ്പ് (നമ്പര്‍- 248/2010) പുറത്തുവന്നിരുന്നു. 2010ല്‍ മന്ത്രിസഭ അംഗീകരിച്ചശേഷമായിരുന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നാലാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തെ കര്‍മപദ്ധതികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതില്‍ മെത്രാന്‍ കായല്‍ ടൂറിസ്റ്റ് റിസോര്‍ട്ട് വില്ളേജും ആറന്മുള വിമാനത്താവളവുമുണ്ട്. മെത്രാന്‍ കായലില്‍ 3,000 കോടിയുടെ ടൂറിസംപദ്ധതി ആരംഭിക്കുമെന്നാണ് വ്യവസായ വകുപ്പ് അന്ന് അറിയിച്ചിരുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പാസാക്കിയ സര്‍ക്കാര്‍ തന്നെയാണ് മെത്രാന്‍ പദ്ധതിയും ആദ്യം അംഗീകരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.