വിവാഹമോചനം: പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ടി. സിദ്ദിഖ്

കോഴിക്കോട്: തൻെറ വിവാഹ മോചനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ നിയമനടപടികളിൽ നിന്നും പിൻവാങ്ങുന്നതായി കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ ഭാര്യ നസീമ കൂടി ഒപ്പിട്ട സംയുക്ത പ്രസ്താവന പോസ്റ്റ് ചെയ്ത് ടി. സിദ്ദിഖ് ഇക്കാര്യം അറിയിച്ചത്.

വിവാഹമോചനത്തെ തുടർന്ന് പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ നിന്നും പിൻവാങ്ങുന്നു എന്ന് പ്രസ്താവനയിൽ പറ‍യുന്നു. രണ്ടുപേരും കുട്ടികളുടെ ഭാവിയെക്കുറിച്ചും സംരക്ഷണത്തെ കുറിച്ചും പരസ്പര ധാരണയിൽ എത്തിയിരിക്കുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട മുഴുവൻ നിയമനടപടികളിൽ നിന്നും പിൻവാങ്ങുന്നു. ഇതുസംബന്ധമായി നിലനിൽക്കുന്ന എല്ലാവിധ ചർച്ചകളും ഇതോടുകൂടി അവസാനിപ്പിക്കുന്നുവെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

കുന്ദമംഗലം മണ്ഡലത്തിൽ മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരസ്യപ്രസ്താവനയുമായി സിദ്ദിഖ് രംഗത്തുവന്നിരിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു.

തന്നെയും കുട്ടികളെയും സിദ്ദിഖ് അപായപ്പെടുത്താൻ ശ്രമിച്ചതായി നസീമ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നിൽ എം.ഐ. ഷാനവാസ് എം.പിയും കോഴിക്കോട്ടുനിന്നുള്ള കോൺഗ്രസ് നേതാവ് ജയന്തുമാണെന്നാണ് സിദ്ദിഖ് മറുപടി പറഞ്ഞത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.