എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം. മൂന്നിലുമായി  14.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാഹാളിലത്തെുന്നത്.  476877 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഇതില്‍ 474286 പേര്‍ റെഗുലര്‍ വിഭാഗത്തിലും 2591 പേര്‍ പ്രൈവറ്റായും. റെഗുലര്‍ വിഭാഗത്തില്‍ കേരളത്തില്‍ 473753 പേരും ഗള്‍ഫില്‍ 533 പേരും ലക്ഷദ്വീപില്‍ 813 പേരും പരീക്ഷയെഴുതും.
 ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ. നടത്തിപ്പില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഉച്ചക്ക് മുമ്പ് അതത് സ്കൂളിലെ എല്ലാ അധ്യാപകരും മാനേജ്മെന്‍റ്, പി.ടി.എ പ്രതിനിധികളും സ്കൂള്‍ കോമ്പൗണ്ട് വിടണം. ക്രമക്കേട് തടയാന്‍ സെക്രട്ടേറിയറ്റിലെയും ഡി.പി.ഐ ഓഫിസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍  രൂപവത്കരിച്ചിട്ടുണ്ട്. ഡി.ഡി.ഇ, ഡി.ഇ.ഒ തലത്തിലും സ്ക്വാഡുകള്‍ ഉണ്ടാകും.
പരീക്ഷാ സമയത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. അധ്യാപകരുടെ ഫോണ്‍ ചീഫ് എക്സാമിനറെ ഏല്‍പ്പിക്കണം. കുട്ടികള്‍ക്കു ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവരാം. എന്നാല്‍, സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ജലവിതരണം അനുവദിക്കില്ല. അവശേഷിക്കുന്ന ചോദ്യക്കടലാസ് അരമണിക്കൂര്‍ കഴിയുമ്പോള്‍ കുട്ടികളുടെ മുന്നില്‍വെച്ചുതന്നെ കവറിലാക്കി സീല്‍ ചെയ്യണം. മാര്‍ച്ച് 28 മുതല്‍ 30 വരെ സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും.
 ഏപ്രില്‍ ഒന്നു മുതല്‍ 16 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും. പുതിയ സ്കീം വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 23ന് ജീവശാസ്ത്രം പരീക്ഷയോടെ പരീക്ഷ അവസാനിക്കും. എന്നാല്‍, പഴയ സ്കീം വിദ്യാര്‍ഥികള്‍ക്ക് 28ന് ഐ.ടി പരീക്ഷ കൂടി നടക്കും.
9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. 460743 പേര്‍ പ്ളസ് ടു പരീക്ഷയും 472307 പേര്‍ പ്ളസ് വണ്‍ പരീക്ഷയും എഴുതുന്നു. 234397 പേര്‍ ആണ്‍കുട്ടികളും 226346 പേര്‍ പെണ്‍കുട്ടികളുമാണ്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 383675 പേരും ഓപണ്‍ സ്കൂളിന് കീഴില്‍ 77068 പേരുമാണ്. പ്ളസ് വണ്‍ പരീക്ഷയില്‍ 233374 പേര്‍ ആണ്‍കുട്ടികളും 238933 പേര്‍ പെണ്‍കുട്ടികളുമാണ്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ 382849 പേരും ഓപണ്‍ സ്കൂളിന് കീഴില്‍ 89458 പേരും. രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്നത് 28750 വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച തുടങ്ങുന്ന ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതാന്‍ 31400 വിദ്യാര്‍ഥികളുമുണ്ട്. ഏപ്രില്‍ നാലിനാണ് ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയം തുടങ്ങുക. മേയില്‍ ഫലം പ്രഖ്യാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.