ഘടന മാറ്റിയ ബൈക്കുകളുടെ രേഖകള്‍ പിടിച്ചെടുക്കാന്‍ അധികാരം വേണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍


കൊച്ചി: നിര്‍മാതാക്കള്‍ നിര്‍ദേശിച്ച ഘടനയില്‍ മാറ്റം വരുത്തി നിരത്തില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങളുടെ ആര്‍.സി ബുക്കും രേഖകളും പിടിച്ചെടുക്കാന്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അധികാരം സ്ഥാപിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍. ഇത്തരം നിയമലംഘകരുടെ രേഖകള്‍ പിടിച്ചെടുത്ത് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി ഉത്തരവിടണമെന്നാണ് എറണാകുളം ആര്‍.ടി.എ കെ.എം. ഷാജി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. 
മോട്ടോര്‍ വാഹനാപകടങ്ങളില്‍പ്പെടുന്ന ബൈക്കുകളില്‍ ഭൂരിഭാഗവും അംഗീകൃതഘടനയില്‍ മാറ്റം വരുത്തിയവയാണെന്നും ഷോക് അബ്സോര്‍ബറിലടക്കം മാറ്റം വരുത്തിയാണ് ബൈക്കുകളുടെ ഘടനാമാറ്റമെന്നും ഹരജിയില്‍ പറയുന്നു. യുവാക്കളും വിദ്യാര്‍ഥികളും അപകടകരമായ രീതിയില്‍ ബൈക്ക് റേസുകളില്‍ പങ്കെടുക്കുന്നത് സാധാരണമാണ്. മോട്ടോര്‍ വാഹന നിയമത്തിന്‍െറയും ചട്ടത്തിന്‍െറയും ലംഘനമാണിത്. 
ആര്‍.സി ബുക് പിടിച്ചെടുത്ത മോട്ടോര്‍ വാഹനവകുപ്പിന്‍െറ നടപടിക്കെതിരെ കടവന്ത്ര സ്വദേശി എം.സി. ഫ്രാന്‍സിസ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് അംഗീകൃതഘടനയില്‍ മാറ്റം വരുത്തുന്ന ബൈക്കുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. 
എന്നാല്‍, വാഹനങ്ങളുടെ ആര്‍.സി ബുക്കും രേഖകളും പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ളെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. 
രേഖകള്‍ പിടിച്ചെടുക്കാന്‍ അധികാരമില്ലാത്തത് ശക്തമായ നടപടികള്‍ക്ക് വിഘാതമാണെന്ന് ഹരജിയില്‍ പറയുന്നു. ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.