എടപ്പാളിൽ ക്ഷേത്രോത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ട് മരണം

എടപ്പാള്‍ (മലപ്പുറം): ക്ഷേത്ര ഉത്സവത്തിന്‍െറ ഭാഗമായി നടന്ന പാതിരാതാലം എഴുന്നള്ളിപ്പിനിടയിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. എടപ്പാളിനടുത്ത് തിരുമാണിയൂര്‍ തല്ലുപറമ്പില്‍ അപ്പുണ്ണിയുടെ ഭാര്യ അമ്മു (52), തല്ലുപറമ്പില്‍ അച്യുതന്‍െറ മകന്‍ ദിനീഷ് (28) എന്നിവരാണ് മരിച്ചത്. തിരുമാണിയൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം. അമ്മു സംഭവസ്ഥലത്തും ദിനീഷ് തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. അനധികൃതമായി മണ്ണെടുത്ത് പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.

തല്ലുപറമ്പ് കോളനിവാസികളുടെ കുടുംബക്ഷേത്രമായ തിരുകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്‍െറ ഭാഗമായാണ് തിരുമാണിയൂരില്‍നിന്ന് പുലര്‍ച്ചെ മൂന്നിനുശേഷം പാതിരാതാലം എഴുന്നള്ളിപ്പ് ആരംഭിച്ചത്. നൂറോളം പേര്‍ എഴുന്നള്ളിപ്പിനത്തെിയിരുന്നു. മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ മേലഴിയത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന ടിപ്പര്‍ലോറി ഇതിനിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി അമിതവേഗതയില്‍ വരുന്നതു കണ്ട് ജനങ്ങള്‍ ഇരുവശത്തേക്കും മാറിയെങ്കിലും താലമെടുക്കുകയായിരുന്ന അമ്മുവും താലത്തില്‍ തിരിയിടുകയായിരുന്ന ദിനീഷും അടിയില്‍പ്പെട്ടു.

പന്തം കത്തിച്ച് രാത്രിയില്‍ ലോറി തടയാന്‍ നാട്ടുകാര്‍ സംഘടിച്ചതാണെന്ന് കരുതി ഡ്രൈവര്‍ വേഗത കൂട്ടിയതാണെന്നും പറയുന്നു. റോഡരികിലെ മരത്തില്‍ ലോറിയിടിച്ച് നിര്‍ത്തിയ ശേഷം രക്ഷപ്പെട്ട ഡ്രൈവര്‍ കോലൊളമ്പ്  സ്വദേശി ഷിബിന്‍ (22) പിന്നീട് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇയാള്‍ക്കെതിരെ മന$പൂര്‍വമായ നരഹത്യക്ക് കേസെടുക്കുമെന്നും അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തുമെന്നും പൊന്നാനി സി.ഐ ആര്‍. രാധാകൃഷ്ണപിള്ള അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തല്ലുപറമ്പിലെ കുടുംബശ്മശാനത്തില്‍ സംസ്കരിച്ചു.

മരിച്ച അമ്മുവിന്‍െറ മക്കള്‍: പ്രസാദ്, പ്രജീഷ്, ഉഷ. മരുമക്കള്‍: വേലായുധന്‍, വിനിഷ, റീജ. മരിച്ച ദിനീഷ് അവിവാഹിതനാണ്. തിരുമാണിയൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു. മാതാവ്: ദേവകി. സഹോദരങ്ങള്‍: ദിനേശന്‍, ദിലീപ്, ഷൈലജ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.