സി.പി.എം പട്ടിക പുതുക്കാന്‍ ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറയും പി.ബി അംഗം പിണറായി വിജയന്‍െറയും സ്ഥാനാര്‍ഥിത്വത്തിന് സി.പി.എം സംസ്ഥാനസമിതി അംഗീകാരം നല്‍കി. ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇവരുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. വി.എസ് മലമ്പുഴയിലും പിണറായി ധര്‍മടത്തും മത്സരിക്കും. 14 ജില്ലാ സെക്രട്ടേറിയറ്റുകളും സാധ്യതാപട്ടികയില്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടില്ളെന്ന് നേതൃത്വം കുറ്റപ്പെടുത്തി. ചില മണ്ഡലങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ട പേരുകളില്‍ അതൃപ്തി രേഖപ്പെടുത്തിയ നേതൃത്വം എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തിങ്കളാഴ്ച വിളിച്ചുചേര്‍ക്കാനും നിര്‍ദേശിച്ചു. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് ഇളവ് നല്‍കിയതിനൊപ്പം രണ്ടുതവണ മത്സരിച്ച നിലവിലെ മിക്ക എം.എല്‍.എമാര്‍ക്കും അവസരം നല്‍കാനും തീരുമാനിച്ചു.കെ.പി.എ.സി ലളിത ഉള്‍പ്പെടെ സ്വതന്ത്രരും പട്ടികയിലുണ്ട്. ലളിത തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാവും മത്സരിക്കുക.

വിജയസാധ്യതയുള്ളവരുടെ പേരുകള്‍ സമര്‍പ്പിക്കാനാണ് ജില്ലാ നേതൃത്വങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. പല മണ്ഡലത്തിലും ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കണം. വിജയസാധ്യതയുണ്ടെന്ന് ഉറപ്പുള്ളയാളുടെ പേരാവണം ഉള്‍പ്പെടുത്തേണ്ടത്. യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ളെന്ന വിമര്‍ശവും ഉയര്‍ന്നു. ജില്ലാ നേതൃ യോഗങ്ങള്‍ക്കുശേഷം സമര്‍പ്പിക്കുന്ന പട്ടികക്ക് 16ലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കും.

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദേശിച്ചു.  വി.എസിന്‍െറ സ്ഥാനാര്‍ഥിത്വത്തിന് എതിരെ  എം.എം. ലോറന്‍സ്, സി.എന്‍. മോഹനന്‍, എന്‍.ആര്‍. ബാലന്‍ എന്നിവരില്‍നിന്ന് ഒറ്റപ്പെട്ട സ്വരങ്ങളും ഉയര്‍ന്നു. വി.എസിനെ മത്സരിപ്പിച്ചാല്‍ വിജയശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കം ഉന്നയിക്കുമെന്നായിരുന്നു പരാമര്‍ശം. എന്നാല്‍, ഇത്തരം ചര്‍ച്ച ആവശ്യമില്ളെന്ന് പറഞ്ഞ പിണറായി വിജയന്‍ വിലക്കി.
എം.എല്‍.എമാരില്‍ പി.കെ. ഗുരുദാസന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരാണ്  മാറ്റിനിര്‍ത്തപ്പെടുന്ന പ്രമുഖര്‍. ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കേണ്ടതില്ളെന്ന മാര്‍ഗനിര്‍ദേശത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ (തിരുവനന്തപുരം), സി.കെ. ശശീന്ദ്രന്‍ (വയനാട്), എ.സി. മൊയ്തീന്‍ (തൃശൂര്‍) എന്നിവര്‍ക്ക്  ഇളവ് ലഭിച്ചു. മൊയ്തീന്‍ കുന്നംകുളത്ത് സ്ഥാനാര്‍ഥിയാകുന്നതോടെ കെ. രാധാകൃഷ്ണനാവും ജില്ലാ സെക്രട്ടറിയുടെ ചുമതലയെന്നാണ് സൂചന.

തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പനാവും ജില്ലാ സെക്രട്ടറി. വി.എന്‍. വാസവന്‍ (കോട്ടയം), പി. രാജീവ് (എറണാകുളം), സജി ചെറിയാന്‍ (ആലപ്പുഴ) എന്നിവര്‍ക്ക് ഇളവ് ലഭിച്ചില്ല. എസ്. ശര്‍മ, ജി. സുധാകരന്‍, വി. ശിവന്‍കുട്ടി, സാജുപോള്‍, കെ.വി. അബ്ദുല്‍ ഖാദര്‍, കെ.കെ. ലതിക, എ. പ്രദീപ്കുമാര്‍, സി. രവീന്ദ്രനാഥ്, എ.എം. ആരിഫ്, ബി. സത്യന്‍ തുടങ്ങിയ എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കും. ടി.എന്‍. സീമ -വട്ടിയൂര്‍ക്കാവ്, ഡി.കെ. മുരളി -വാമനപുരം, ഐ.ബി. സതീഷ് -കാട്ടാക്കട, കടകംപള്ളി സുരേന്ദ്രന്‍ -കഴക്കൂട്ടം, പി. ബിജു -അരുവിക്കര, കെ.എ. ബാബു -നെന്മാറ, കെ. ശശി -ഷൊര്‍ണൂര്‍, പ്രസേനന്‍ -ആലത്തൂര്‍, വിജയദാസ് -കൊങ്ങാട്, അഡ്വ. റഷീദ് -മങ്കട, പി. ജിജി -കൊണ്ടോട്ടി എന്നിവരാണ് പുതുതായി പരിഗണിക്കപ്പെടുന്ന ചിലര്‍.

 

സ്ഥാനാർഥിപ്പട്ടിക
വി.എസ്.അച്യുതാനന്ദൻ (മലമ്പുഴ)
എ.കെ.ബാലൻ (തരൂർ)
ഇ.പി.ജയരാജൻ (മട്ടന്നൂർ)
തോമസ് ഐസക്ക് (ആലപ്പുഴ)
ജി.സുധാകരൻ (അമ്പലപ്പുഴ)
എ.എം.ആരിഫ് (അരൂർ)
ആർ.രാജേഷ് (മാവേലിക്കര)
എ.പ്രദീപ് കുമാർ(കോഴിക്കോട് നോര്‍ത്ത്)
വി.ശിവൻകുട്ടി (നേമം)
എസ്.ശർമ്മ (വൈപ്പിൻ)
സാജു പോൾ (പെരുമ്പാവൂർ)
രാജു എബ്രഹാം (റാന്നി)
ടി.വി.രാജേഷ് (കല്യാശേരി)
പി.ശ്രീരാമകൃഷ്ണൻ (പൊന്നാനി)
പിണറായി വിജയൻ (ധർമ്മടം)
കെ.കെ.ശൈലജ (പേരാവൂർ)
എം.എം.മണി (ഉടുമ്പഞ്ചോല)
ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര)
ടി.എൻ.സീമ (വട്ടിയൂർക്കാവ്)
ഐ.ബി.സതീഷ് (കാട്ടാക്കട)
ഡി.കെ.മുരളി (വാമനപുരം)
കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം)
സി.കെ.ശശീന്ദ്രൻ (കൽപറ്റ)
എ.സി.മൊയ്തീൻ (കുന്നംകുളം)
കെ.പി.എ.സി ലളിത (വടക്കാഞ്ചേരി)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.