നിറ്റാ ജലാറ്റിന്‍: മലിനീകരണ ബോര്‍ഡ് ചെയര്‍മാനെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: മലിനീകരണം സൃഷ്ടിക്കുന്ന കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക വഴി സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തതിന് സംസ്ഥാന മലിനീകരണ ബോര്‍ഡ് ചെയര്‍മന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും കമ്പനി അധികൃതര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
  ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍, സെക്രട്ടറി പി. മോളിക്കുട്ടി, ചീഫ് എന്‍ജിനീയര്‍ സുധീര്‍ ബാബു, എന്‍ജിനീയര്‍ ഗ്ളാഡീസ് സരോജ, ഡി.എച്ച് എന്‍ജിനീയര്‍ ടി.എ. തങ്കപ്പന്‍, കാടുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ. ആനീസ്, കല്ലൂര്‍ വടക്കുമുറി വില്ളേജ് ഓഫിസര്‍ അഹമ്മദ് നിസാര്‍, ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വനജ, നിറ്റാ ജലാറ്റിന്‍ മാനേജിങ് ഡയറക്ടര്‍ ജി. സുശീലന്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷാജി മോഹന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കാതിക്കുടം കുഞ്ഞുവളപ്പില്‍ സുനില്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
  കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
കമ്പനി ചാലക്കുടിപ്പുഴയിലെ വെള്ളം അനുമതിയില്ലാതെ ഉപയോഗിച്ച് ഓസീന്‍ ഉല്‍പാദിപ്പിക്കാന്‍ മൃഗങ്ങളുടെ എല്ല് ആസിഡ് കലര്‍ത്തി വെള്ളത്തില്‍ ചീയാനിട്ട് അസഹ്യ ദുര്‍ഗന്ധമുള്ള വിഷവാതകം പുറന്തള്ളുന്നതായും അഴുകിയ എല്ലും  മാംസവും കൊഴുപ്പും ആസിഡും അടങ്ങിയ അവശിഷ്ടം പുറന്തള്ളി ജലാശയങ്ങളും അന്തരീക്ഷവും മലിനമാക്കുന്നതായുമാണ് പരാതി.
100 മീറ്ററിനുള്ളില്‍ 46 കുടുംബങ്ങളും നിരവധി കിണറുകളും ഉള്ള കാര്യം മറച്ചുവെച്ചും 250 മീറ്റര്‍ ചുറ്റളവില്‍ വീടുകളും കിണറും ഇല്ളെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി കരസ്ഥമാക്കിയതെന്നും ഇതിന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും സുനില്‍കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലത്രേ.
ജലം ശുദ്ധീകരിച്ച് ഉപയോഗിച്ച് പുഴയില്‍നിന്ന് വെള്ളമെടുക്കുന്നത് കുറക്കുക, അര്‍ധ-ഖരമാലിന്യം പുറന്തള്ളുന്നത് നിര്‍ത്തുക, മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക,  ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും അടങ്ങിയ മോണിറ്ററിങ് കമ്മിറ്റിയുടെ നിരീക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങി സര്‍ക്കാര്‍ നല്‍കിയ 13 നിര്‍ദേശങ്ങള്‍ മറച്ചുവെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറിയും വടക്കുമുറി വില്ളേജ് ഓഫിസറും ഇറിഗേഷന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറും ചേര്‍ന്ന് കമ്പനിക്ക് തുടര്‍ന്നും പ്രവര്‍ത്തനാനുമതി നല്‍കുകയാണെന്ന് അഡ്വ. ലാജു ലാസര്‍ മുഖേന നല്‍കിയ ഹരജിയില്‍ പറയുന്നു. കേസ് മേയ് ഒമ്പതിന് വീണ്ടും പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.